
പി.വി.എസ്,
മലപ്പുറം : മധുരം തേടി നാട്ടിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം ജ്യൂസ് കട തകർത്ത് കരിമ്പുകൾ തിന്നു തീർത്തു. നാടുകാണി ചുരത്തലെ എകസൈസ് ചെക്പോസ്റ്റിന് സമീപമുള്ള വളവിൽ പാറയ്ക്കൽ മണിയുടെ ജ്യൂസ് വിൽക്കുന്ന താൽക്കാലിക ഷെഡിൽ സൂക്ഷിച്ച കരിമ്പുകളാണ് ആനക്കൂട്ടം തിന്നു തീർത്തത്. വെള്ളി രാത്രി പത്തോടെയെത്തിയ കാട്ടാനക്കൂട്ടമാണ് ഷെഡും തകർത്ത് കരിമ്പുകൾ അകത്താക്കിയത് . ജ്യൂസ് നിർമ്മിക്കുന്ന യന്ത്രം പുറത്തേക്കെറിഞ്ഞിട്ടുണ്ട് .ഇവിടെ നിന്നും 200 മീറ്ററകലെയുള്ള ഒന്നാം വളവിൽ കത്തിയ പഞ്ചസാര ലോറിയിൽ അവശേഷിച്ചിരുന്ന മധുരം നുണയാനെത്തുന്ന കാട്ടാനക്കൂട്ടമാണ് ഷെഡ് തകർത്തത് .ലോക് ഡൗണുമായി ബന്ധപ്പെട്ട് ചുരം വഴി ചരക്ക് വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നതെന്നതിനാൽ വാഹനഗതാഗതം കുറഞ്ഞതാണ് കാട്ടാനക്കൂട്ടം ഇവിടെയെത്താൻ കാരണം. പതിവായി ആനകളുടെ സാന്നിധ്യത്തെതുടർന്ന് ച’രക്കു ലോറിയിലെ ജീവനക്കാർ ഭീതിയോടെയാണ് ഈ വഴി കടന്നുപോകുന്നത് .അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ലോറിയിൽ നിന്നും അവശിഷ്ടങ്ങൾ കഴുകി നീക്കിയിരുന്നെങ്കിലും മധുരം തേടിയുള്ള ആനക്കൂട്ടത്തിന്റെ യാത്രകൾ തുടരുകയാണ് .