India

ചെന്നൈയിൽ കുടുങ്ങിയ മലയാളികൾ ആശങ്കയിൽ?

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ: രണ്ടാം ലോക്ഡൗണിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ചെന്നൈയിൽ കുടുങ്ങിയ മലയാളികൾ വീണ്ടും ചോദിക്കുന്നു: ഞങ്ങൾക്ക് എന്നു നാട്ടിൽ പോകാൻ കഴിയും? വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രാരംഭ നടപടിയെന്ന നിലയിൽ നോർക്ക റൂട്ട്സ് ഇന്നലെ റജിസ്ട്രേഷൻ തുടങ്ങി.

ഇതിനൊപ്പം മറുനാടൻ മലയാളികൾക്കും റജിസ്ട്രേഷനു അവസരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നൈയിൽ കുടുങ്ങിയ നൂറു കണക്കിനു മലയാളികൾ. മറുനാട്ടിലെ മലയാളികൾക്കുളള റജിസ്ട്രേഷൻ സംവിധാനം ഉടൻ നിലവിൽ വരുമെന്നാണ് നോർക്ക അധികൃതരുടെ സാന്ത്വനം.

വിദ്യാഭ്യാസം, ചികിത്സ, കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ എത്തി കുടുങ്ങിപ്പോയ ഒട്ടേറെ മലയാളികളുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ ആവശ്യത്തിനെത്തിയ പലരും ഹോട്ടലുകളിൽ വാടക നൽകിയാണു താമസം. നോർക്ക ഹെൽപ് ഡെസ്ക്, വിവിധ മലയാളി സംഘടനകൾ എന്നിവയുടെ സഹായം കൊണ്ടു മാത്രം താമസവും ഭക്ഷണവും ലഭിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഗർഭിണികൾ, വീട്ടിൽ സ്ത്രീകളെ തനിച്ചാക്കി പോന്നവർ തുടങ്ങി ഒട്ടേറെ പേർ സർക്കാർ നടപടികൾക്കായി കാത്തിരിക്കുന്നു.

വിദേശത്തു കുടുങ്ങിപ്പോയവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കാൻ ആലോചിക്കുന്നതുപോലെ ഇവിടെ കുടുങ്ങിപ്പോയവർക്കായും നടപടി വേണമെന്നാണു മലയാളി സംഘടനകളുടെ ആവശ്യം. സർക്കാർ അനുമതി ലഭ്യമാക്കിയാൽ നാട്ടിലേക്ക് വാഹനമുൾപ്പെടെ ഏർപ്പാടാക്കാമെന്നു ചില സംഘടനകൾ കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ ഉൾപ്പെടെ ഏർപ്പാടാക്കണമെന്നു കേരളം, കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ കാര്യത്തിലും സംസ്ഥാന സർക്കാരിന്റെ സജീവ ഇടപെടൽ വേണമെന്നു സംഘടനകൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button