KeralaLatest

ക്രിസോസ്റ്റം തിരുമേനിക്ക് ആശംസ നേർന്നു സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

അറിവിന്റെ ഔന്നത്യത്തിലും ശിശുവിന്റെ ഹൃദയനൈർമല്യം സൂക്ഷിക്കുന്ന, ചിരിയിലൂടെ ചിന്തിപ്പിക്കുന്ന മഹാമനുഷ്യൻ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായ സന്യാസിവര്യൻ.കേരളത്തിന്റെ മതസാമുദായിക സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളായി നിറ സാന്നിധ്യമായിരുന്ന പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിക്കിന്ന് നൂറ്റി മൂന്നാം പിറന്നാൾ.

https://www.facebook.com/SwamiGururethnam/photos/a.534528179893119/3281320165213893

 

“പമ്പാ നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് പോലെയാണെന്റെ ജീവിതം. പലപ്പോഴും അത് സ്വച്ഛമായി ഒഴുകും. ചിലപ്പോൾ കൂലം കുത്തി കലങ്ങി മറിയും. പക്ഷെ പെട്ടന്ന് ശാന്തമാകും. ദൈവം എന്റെ ജീവിതത്തിൽ പല അനുഗ്രഹങ്ങളും തന്നിട്ടുണ്ട്, അതിൽ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ ക്യാൻസർ എന്നെനിക്ക് തോന്നുന്നു”. ക്യാസറിനെ താൻ അതിജീവിച്ച അനുഭവം മറ്റുള്ളവർക്ക് പ്രചോദനമാകണന്ന് കരുതി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്രിസോസ്റ്റം തിരുമേനി ലോകത്തോട് വിളിച്ചു പറഞ്ഞു.
‘സർവ്വജനത്തിനും’ എന്ന അദ്ദേഹത്തിന്റെ ഒറ്റ പ്രയോഗത്തിലൂടെ ഒരു മതമേലധ്യക്ഷൻ എന്നതിനും എത്രയോ മേലേയായി കേരളത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം. പളുങ്ക് ഭരണിയിലെ തെളിനീര് പോലെ സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന തിരുമേനി.
ക്രിസ്തുവിൽ നിന്ന് ക്രിസോസ്റ്റത്തിലേക്ക് ഒരു ചിരിയകലം മാത്രം എന്നാരോ ഒരിക്കൽ പറഞ്ഞിരുന്നു. ചിരിയിലൂടെ ചിന്തയുടെ തേൻമിട്ടായി പകരുന്ന അദ്ദേഹത്തെ ഉറുമ്പുകളെ പോലെ പിന്തുടരാൻ ആയിരങ്ങൾ ഉണ്ടായി. ഉപമകൾക്കും, ശാസനകൾക്കും, ഉപദേശങ്ങൾക്കുമപ്പുറം ചിരിയുടെ മേമ്പൊടിയോടെ, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരെ അൾത്താര വഴി മുഖ്യധാരയിലേക്ക് അദ്ദേഹം കൈ പിടിച്ചുയർത്തിയപ്പോൾ അതൊരു സാമൂഹിക വിപ്ലവമായി മാറി. തിരുവസ്ത്രം അണിഞ്ഞു തമാശ പറഞ്ഞാൽ ഒന്നും സംഭവിക്കില്ലന്ന് അദ്ദേഹം തെളിയിച്ചു.മനുഷ്യന്റെ അഹന്തക്ക് മേൽ കിട്ടുന്ന കൊട്ടുകളാണ് അദ്ദേഹത്തിന്റെ ഓരോ നർമ്മങ്ങളെങ്കിലും, ചിരിപ്പിക്കുന്നവനെ ആർക്കും വെറുക്കാനാവില്ല എന്ന് തിരുമേനി നമ്മെ ബോധ്യപ്പെടുത്തി.

അറിവും വിനയവും സമന്വയിപ്പിച്ച സ്നേഹ സഞ്ജയൻ.. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച അത്യപൂർവം മത നേതാക്കളിൽ ഒരാൾ. വിശ്വാസത്തെ നർമ്മത്തിൽ ചാലിച്ചു സർവ്വലൗകികതയുടെ തേനിൽ പൊതിഞ്ഞു അവതരിപ്പിക്കുന്ന സ്വർണനാവുള്ള വലിയ ഇടയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Related Articles

Leave a Reply

Back to top button