KeralaLatest

ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

എസ്‌ സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

സംസ്ഥാനത്ത് 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 611 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3056 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണാക്കി പ്രഖ്യാപിച്ചു. പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം, തലയോലപ്പറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 93 ആയി.

Related Articles

Leave a Reply

Back to top button