KeralaLatest

തെളിയുന്നില്ല വെളിച്ചം, മുഴങ്ങുന്നില്ല ശബ്ദം

“Manju”

ബിന്ദുലാൽ

തൃശൂർ ∙ ശബ്ദവും വർണവുമില്ലാതെ എന്ത് ആഘോഷം..? പക്ഷേ ആഘോഷം പോലും ലോക്കഡൗണിൽ ആകുമ്പോഴോ..? ശബ്ദം നേർത്തുനേർത്തുവരുന്നു, വർണം മങ്ങുന്നു. ലോക്ഡൗണിൽ ജീവിതത്തിന്റെ ശബ്ദവും വർണവും ഇല്ലാതായിപ്പോയവരാണ് ഇക്കൂട്ടർ – ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ജീവനക്കാരും ഉടമകളും. ജില്ലയിൽ ആയിരത്തിലേറെ സ്ഥാപനങ്ങളിലായി പതിനായിരത്തിലേറെപ്പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്.

വാടകമുറികളിലാണ് മിക്കവരുടെയും സ്ഥാപനം. സൗണ്ട് ബോക്സുകൾ അടക്കമുള്ള ലക്ഷക്കണക്കിനു രൂപ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളാണ് 2 മാസമായി പൊടിപിടിച്ചുകിടക്കുന്നത്. ഉപയോഗിച്ചില്ലെങ്കിൽ കേടുവരുന്ന ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജനറേറ്റുകൾവരെ വെറുതെകിടക്കുന്നു. 6 മാസം നീളുന്ന സീസൺ ഉച്ചസ്ഥായിയിലാകുന്ന സമയത്താണ് ലോക്ഡൗൺ എല്ലാം തകിടംമറിച്ചത്.

ആഘോഷവും ആരവവുമില്ലാതെ ഉത്സവങ്ങളും പെരുന്നാളുകളും വിവാഹങ്ങളും കടന്നുപോകുന്നത് നിശ്ശബ്ദം കണ്ടുനിൽക്കുകയാണിവർ. ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിൽവന്ന അനേകം നിയന്ത്രണങ്ങളിൽപ്പെട്ട് കുഴങ്ങുമ്പോഴാണ് ലോക്ഡൗണിന്റെ വരവ്. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പന്തൽ ഒരുക്കുകയും ചടങ്ങ് കോംപിയർ ചെയ്യാനുള്ളവരെ എത്തിക്കുകയും ചെയ്യുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾവരെ ഉണ്ടായിരുന്നു.

പക്ഷേ കൊറോണയുടെ വരവോടെ എല്ലാം ഇല്ലാതായി. ആഘോഷങ്ങൾ മടങ്ങിവരുമ്പോൾ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ജീവനക്കാർ വേണ്ടതിനാൽ നിലവിലുള്ളവരെ ഒഴിവാക്കുന്നില്ല പല ഉടമകളും. പക്ഷേ ഇതെത്രകാലം എന്നതാണു ചോദ്യം. ഇതിനിടയിലും ഈ മേഖലയിലെ പ്രമുഖ സംഘടനകളായ ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ്, ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള എന്നിവ സ്വന്തം ജീവനക്കാർക്ക് സഹായമെത്തിക്കാനും മറക്കുന്നില്ല.

Related Articles

Back to top button