KeralaLatest

കോവിഡ് ബാധിച്ച നരിപ്പറ്റ സ്വദേശി വടകരയിലുമെത്തി; റൂട്ട് മാപ്പ് പുറത്തുവിട്ടു

“Manju”

സുരേഷ്

വടകര: കോവിഡ് ബാധിച്ച നരിപ്പറ്റ സ്വദേശി നാട്ടിലേക്കുള്ള യാത്രക്കിടയില്‍ വടകരയിലുമെത്തിയെന്നു വ്യക്തമായി. ഇദ്ദേഹം മെയ് ഒമ്പതിന് രാത്രി ചെന്നൈയില്‍ നിന്ന് ഒമ്പതു പേരോടൊപ്പമാണ് കേരളത്തിലേക്കു പോന്നത്. ടാക്‌സിയില്‍ പുറപ്പെട്ട് പിറ്റേന്നു രാവിലെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. യാത്രാ പാസില്ലാത്തതിനാല്‍ വൈകുന്നേരം വരെ ഇവര്‍ക്കു ചെക്ക്‌പോസ്റ്റില്‍ കഴിയേണ്ടിവന്നു. തുടര്‍ന്നു വൈകുന്നേരം മറ്റു രണ്ടു പേരോടൊപ്പം ബുക്ക് ചെയ്ത് ലഭിച്ച വാഹനത്തില്‍ നാട്ടിലേക്കു പുറപ്പെടുകയായിരുന്നു. രാത്രി 11.55 മണിയോടെയാണ് ഇവര്‍ വടകരയില്‍ എത്തിയത്
ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ അതേ വാഹനത്തില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനു തിരുവള്ളൂര്‍ പഞ്ചായത്തിലെ വീട്ടിലേക്ക് പോയി. നരിപ്പറ്റ സ്വദേശിയും മറ്റെയാളും വടകരയിലെ കോവിഡ് കെയര്‍ സെന്ററായ ആലക്കല്‍ റെസിഡന്‍സിയില്‍ ചെന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്തതിനാല്‍ കൂടെ വന്നയാള്‍ക്ക് താമസസൗകര്യം ലഭിച്ചു.എന്നാല്‍ നരിപ്പറ്റ സ്വദേശിയായതിനാല്‍ സൗകര്യം കിട്ടിയില്ല. ഇദ്ദേഹം രാത്രി മുഴുവന്‍ റസിഡന്‍സിക്കു സമീപത്തെ കടവരാന്തയില്‍ കഴിഞ്ഞു. രാവിലെ അദ്ദേഹത്തിന് ഫോണില്‍ ലഭിച്ച നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ സൗകര്യമുള്ള ആയുര്‍വേദ ആശുപത്രിയിലേക്ക് പോകാനായി ശ്രമം. ഇതിനായി ബസ് സ്റ്റാന്റിനു മുന്നിലെ മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ആയുര്‍വേദ ആശുപത്രിയെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഓട്ടോയില്‍ അദ്ദേഹം ആയുര്‍വേദ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെ സൗകര്യമില്ലെന്നു മനസിലായി.
പിന്നീട് അടുത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ചു. ഈ വ്യക്തിയെ കണ്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആരോഗ്യ പ്രവര്‍ത്തകരും എത്തുകയും ആംബുലന്‍സില്‍ നരിപ്പറ്റയില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയ വീട്ടിലേക്ക് അയക്കുകയുമായിരുന്നു. വീട്ടില്‍ ഈ ദിവസങ്ങളില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 13-ാം തീയതി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഈ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെയൊക്കെ ക്വാറന്റൈനിലാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇവര്‍ ഉടന്‍തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്കയച്ചു. പാലോളിപ്പാലത്ത് ചായക്കടയിലുണ്ടായിരുന്നവരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button