KeralaLatestPalakkad

എന്‍റെ ദൈവം പോയി, പാട്ടുകേൾക്കാനും ആട്ടം കാണാനും നിൽക്കാതെ’

“Manju”

 

പാലക്കാട്: “സച്ചിസാർ എന്റെ ദൈവമാണ്. ദൈവത്തിനും മുകളിലാണ്. ഇനിയെന്റെ പാട്ടുകേൾക്കാനും ആട്ടം കാണാനും സാറില്ല”- കരൾ പിളരുന്ന വേദനയോടെ നാഞ്ചിയമ്മ വിതുമ്പി. അട്ടപ്പാടിയിലെ ഊരിൽനിന്ന് എറണാകുളത്തെത്തി സംവിധായകൻ സച്ചിക്ക് അന്ത്യാഞ്ജലിയർപ്പിച്ചശേഷം തിരിച്ചെത്തിയതായിരുന്നു നാഞ്ചിയമ്മ.

“അമ്മയ്ക്ക് എന്തു കാര്യമുണ്ടായാലും എന്നോടു പറയണമെന്ന് സച്ചിസാർ പറഞ്ഞിരുന്നു. എങ്ങനെ നടക്കണമെന്നുപോലും പറഞ്ഞുതന്നു. അട്ടപ്പാടിയിൽ മാടിനെയും ആടിനെയും മേച്ചുനടന്ന എന്നെ പുറംലോകമറിഞ്ഞത് സാറിന്റെ സിനിമയിലെ പാട്ടിലൂടെയാണ്. എനിക്ക് വലിയൊരു ശക്തിയാണ് നഷ്ടപ്പെട്ടത്”- നാഞ്ചിയമ്മയുടെ വാക്കുകൾ മുറിഞ്ഞു.

തൃശ്ശൂരിലെ ആശുപത്രിയിലെത്തുന്നതിന്റെ രണ്ടുദിവസംമുമ്പ് ഫോൺ വിളിച്ചപ്പോൾ അട്ടപ്പാടിയിൽ ഉടൻ വരുമെന്നും എല്ലാവരെയും കാണണമെന്നും സച്ചി നാഞ്ചിയമ്മയെ അറിയിച്ചിരുന്നു. നാഞ്ചിയമ്മയിലൂടെ അട്ടപ്പാടിയുടെ പുതിയ പാട്ട് കേൾക്കണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

“അയ്യപ്പനും കോശിയും സിനിമയിറങ്ങിയപ്പോൾ എല്ലാവരും അറിഞ്ഞു. ഒരു പുതിയ ജീവിതം കിട്ടി. സാറില്ലാതായപ്പോൾ വലിയ ശൂന്യതയാണു തോന്നുന്നത്” -നാഞ്ചിയമ്മ പറഞ്ഞു.

“വ്യാഴാഴ്ച രാത്രി ഇനി സച്ചിസാറില്ലെന്നു മനസ്സിലായപ്പോൾ എന്തുചെയ്യണമെന്ന് അറിഞ്ഞില്ല. രാത്രിയാത്രാ സൗകര്യമില്ലാത്തതിനാൽ അട്ടപ്പാടിയിൽനിന്ന് വരാൻ കഴിയാത്ത സ്ഥിതിയാണ്. പിന്നെ നേരം വെളുപ്പിക്കുകയായിരുന്നു. രാവിലെ ആറുമണിക്കുമുമ്പേ പുറപ്പെട്ടാണ് എറണാകുളത്തെത്തിയത്. സാറിനെ ചില്ലുകൂട്ടിൽ കണ്ടപ്പോൾ തളർന്നുപോയി”- നാഞ്ചിയമ്മ വിതുമ്പലടക്കി പറഞ്ഞു.

വലിയ സങ്കടംവരുമ്പോൾ പാടിപ്പോകുന്ന ‘ നേനു മനസ്സ് വിട്ട് കൊട്ക്കലോ ദൈവമകളേ’ എന്ന പാട്ടോടെ കണ്ണീർതുടച്ചാണ് നാഞ്ചിയമ്മ അഗളിയിലേക്കു മടങ്ങിയത്.

Related Articles

Back to top button