KeralaLatest

‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐ ഫോണിലും

“Manju”

കോട്ടയം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമൊക്കെയുള്ള സൗകര്യങ്ങളോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും ലഭ്യമാകും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമുപയോഗിക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനാണ് ഇതുവരെ ഉണ്ടായിരുന്നത്. ഐ ഫോണുകളില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷനില്‍ പ്രവേശിച്ചാലുടന്‍ ജില്ല തിരഞ്ഞെടുത്ത് മുന്നോട്ടു പോകാന്‍ സാധിക്കും. തുടര്‍ന്നു വരുന്ന പേജില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തിരഞ്ഞെടുക്കുമ്പോള്‍ വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫീസിന്റെ പേരില്‍ ക്ലിക്ക് ചെയ്യാം. ഒരു ഓഫീസ് തിരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫീസിലെ ഫോണ്‍ നമ്പരുകള്‍ കാണാം. ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാം.

ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഓഫീസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യാം. ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്. ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍തന്നെ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കുന്നതിന് ആപ്ലിക്കേഷന്‍ സഹായകമാകും.

റവന്യൂ, പോലീസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെഎസ്‌ഇബി, കൃഷി, പൊതുവിതരണം, രജിസ്‌ട്രേഷന്‍, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളേജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്‌നിരക്ഷ, ടൂറിസം, കെഎസ്‌എഫ്‌ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്‌മെന്, വനം, എക്‌സൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ് .ആര്‍ .ടി. സി, എസ്‌.സി/ എസ്.റ്റി, തൊഴില്‍ വകുപ്പ് , കുടുംബശ്രീ, ബ്ലഡ് ബാങ്ക്, ലീഗല്‍ മെട്രോളജി വനിതാ ശിശു വികസനം, ജയില്‍’ ഭക്ഷ്യ സുരക്ഷ, സോയില്‍ സര്‍വ്വേ – സോയില്‍ കണ്‍സര്‍വേഷന്‍, മൈനിംഗ് ആന്റ് ജിയോളജി, ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങിയവ ഇതിനകം ‘എന്റെ ജില്ല’യില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.

Related Articles

Back to top button