IndiaLatest

വിശപ്പ് സൂചിക; പ്രതികരിച്ച് കേന്ദ്രസ‍ക്കാ‍ർ

“Manju”

ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് കേന്ദ്രം. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 107 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ 101-ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്.
സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുറച്ചുകാണിച്ചിരിക്കുന്നത് ഞെട്ടിക്കുന്നുവെന്നു കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കി ഇന്ത്യയുടെ റാങ്ക് കുറച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്തതാണ് റിപ്പോർട്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയില്‍ തകരാറുകളുണ്ട്. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നിവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്. കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹൈല്‍ഫ് എന്നീ ഏജന്‍സികളാണ് പട്ടിക തയ്യാറാക്കിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് ഏജന്‍സികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല. ടെലിഫോണ്‍ മുഖാന്തരം നാലുചോദ്യങ്ങള്‍ മാത്രം ചോദിച്ച് അശാസ്ത്രീയമായ രീതിയിലാണ് ഏജന്‍സികള്‍ സൂചിക തയ്യാറാക്കിയത്.
കൊവിഡ് കാലത്ത് മുഴുവന്‍ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിയ അശ്രാന്ത പരിശ്രമത്തെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അവഗണിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരോട് ഗവണ്‍മെന്റില്‍ നിന്നോ മറ്റ് സ്രോതസ്സുകളില്‍ നിന്നോ എന്തെങ്കിലും ഭക്ഷ്യ പിന്തുണ ലഭിച്ചോ എന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ചോദിച്ചില്ല. ഈ അഭിപ്രായ വോട്ടെടുപ്പില്‍ ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം പോലും സംശയത്തിന്റെ നിഴലിലാണെന്നും മന്ത്രാലയം പറയുന്നു.
കോവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

Related Articles

Back to top button