IndiaLatest

സ്ഥിര വരുമാനമില്ല, ആട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

“Manju”

സിന്ധുമോള്‍ ആര്‍

 

പട്ന: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതമാര്‍ഗമായ ആട്ടോ ഓടിക്കാന്‍ പറ്റാതെ വന്നതും ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം വേണ്ടത്ര വരുമാനം നേടാനാകാത്തതും മൂലമുള്ള വിഷമത്തില്‍ ആട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. ബീഹാറിലെ പട്നയ്ക്കടുത്തുള‌ള ഷാപുരിലാണ് സംഭവം. 25 വയസ്സുകാരനായ ആട്ടോ ഡ്രൈവര്‍ ലോണെടുത്താണ് ആട്ടോ വാങ്ങിയത്. ലോക്ഡൗണ്‍ കാലത്ത് വണ്ടി ഓടിക്കാന്‍ കഴിയാത്തതും അതിന് ശേഷം വേണ്ടത്ര വരുമാനം ലഭിക്കാത്തതും മൂലം തിരിച്ചടവ് മുടങ്ങിയിരുന്നു. വൈകാതെ ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലാതെ വന്നതോടെ ഭാര്യയും മൂന്ന് മക്കളുമുള്ള ഇയാള്‍ വിഷമത്തിലായി.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇയാള്‍ക്കും കുടുംബത്തിനും റേഷന്‍ കാര്‍ഡ് പോലും നല്‍കിയില്ലെന്ന് ഇയാളുടെ അച്ഛന്‍ കുറ്റപ്പെടുത്തി. മരണവാര്‍ത്ത അറിഞ്ഞതോടെ ഇയാളുടെ കുടുംബത്തിന് 25 കിലോ അരിയും ഗോതമ്പും അനുവദിച്ച്‌ പട്ന ജില്ല മജിസ്‌ട്രേറ്റ് വീട്ടിലെത്തി ഇവ ഇയാളുടെ അച്ഛന് കൈമാറി. സംഭവത്തെ തുടര്‍ന്ന് ബിഹാറിലെ ശരിയായ വിഷയമായ പട്ടിണിയും തൊഴിലില്ലായ്‌മയും നിതീഷ് കുമാറും ബിജെപിയും ശ്രദ്ധിക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ബിഹാറിലെ തൊഴിലില്ലായ്‌മ നിരക്ക് 46.2 ശതമാനമാണെന്നാണ് CMIE(Centre for Monitoring Indian Economy) അറിയിച്ചു. ലോക്ഡൗണ്‍ മൂലം തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ വ്യവസായികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആട്ടോകള്‍ക്കും ഇ-റിക്ഷകള്‍ക്കും സംസ്ഥാനത്ത് ഓടാമെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇവര്‍ക്ക് ഓടാന്‍ അനുമതിയില്ല.

Related Articles

Back to top button