KeralaLatest

ഐ. എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇതിഹാസ ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡയും മറ്റും വിറ്റുനടന്നിരുന്ന പയ്യനില്‍ നിന്ന് ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരമായി അദ്ദേഹം വളര്‍ന്നത് കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു.

കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 66 മത്സരങ്ങള്‍ കളിച്ചു. 40 ഗോളുകളും ഇക്കാലയളവില്‍ സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.

1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്. 2001-ല്‍ ജയരാജ് സംവിധാനം ചെയ്ത മലയാള ചിത്രം ശാന്തത്തിലൂടെ അദ്ദേഹം അഭിനയ രംഗത്തും ചുവടുവെച്ചു. മലയാളത്തിലും തമിഴിലുമായി 20-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button