KeralaLatest

ആനയോ പുഴയോ തങ്ങളുടെ ജീവനെടുക്കുക: ഭയപ്പാടോടെ പാൽ ചുരം കോളനിയിലെ കുറെ ജീവിതങ്ങൾ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

 

പാൽചുരം: തങ്ങളുടെ ജീവിതം ആന നശിപ്പിക്കുമോ അതോ പുഴ നശിപ്പിക്കുമോ എന്ന് തിരിച്ചറിയാനാവാതെ ഭീതിയിൽ കഴിയുകയാണ് കൊട്ടിയൂർ അമ്പായത്തോട് താഴെ പാൽച്ചുരത്തെ മുപ്പതോളം ആദിവാസി കുടുംബങ്ങളും കർഷകരായ അഞ്ചോളം കുടുംബങ്ങളും. പുഴയുടെ അരികിൽ ആണ് കോളനി ഉള്ളത്. തൊട്ടടുത്ത് തന്നെയാണ് കർഷക കുടുംബങ്ങളും താമസിക്കുന്നത്.

എല്ലാ മഴക്കാലത്തും പ്രളയജലം കോളനിയിലേക്കും വീടുകളിലേക്കും തള്ളിക്കയറുന്നത് പതിവാണ്. സുരക്ഷാ ഭിത്തി നിർമ്മിക്കണമെന്ന മുറവിളി അരനൂറ്റാണ്ടു മുമ്പ് മുതൽ ഉയർന്നിരുന്നു. ഇതേ തുടർന്ന് മുപ്പതു കൊല്ലം മുമ്പ് ആദിവാസി കോളനിയുടെ പിൻഭാഗത്തെ പുഴയോരത്ത് സുരക്ഷാഭിത്തി നിർമ്മിച്ചിരുന്നു. എന്നാൽ കർഷക കുടുംബങ്ങളുടെ വീടും ഭൂമിയും സംരക്ഷിക്കാനുള്ള ഭിത്തി മാത്രം നിർമ്മിച്ചില്ല. 2019ലെ മഴക്കാലത്ത് കർഷകരുടെ വീട്ടിലേക്കും കൃഷിയിടത്തിലേക്കും ഉരുൾപൊട്ടിയ വെള്ളം തള്ളിക്കയറി നാശനഷ്ടം വരുത്തിയിരുന്നു. ഇതേ തുടർന്ന് സുരക്ഷാ ഭിത്തി നിർമ്മിച്ച് തരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെയും ജില്ലാ കലക്ടറെയും സമീപിച്ചു. 125 മീറ്റർ മാത്രം നീളം വരുന്ന സുരക്ഷാ പദ്ധതിക്ക് അനുമതി ലഭിക്കുകയും ടെൻഡറാവുകയും ചെയ്തു.

കോവിഡ് കാലത്തിന് മുൻപ് അടിത്തറയിടുന്നതിന് പണികൾ തുടങ്ങിയെങ്കിലും പുഴങ്കല്ലുകൾ ഉപയോഗിക്കുന്നു എന്ന് പരാതി ഉയർന്നതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോഴേക്കും മഴക്കാലം എത്തുകയും സുരക്ഷാ ഭിത്തി നിർമാണം അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ഇതിനിടെ സുരക്ഷാഭിത്തി നിർമിക്കാൻ മണ്ണെടുത്ത ഭാഗത്തുകൂടി കാട്ടാനയും കൃഷിയിടത്തിലേക്ക് എത്തിത്തുടങ്ങി. വെറും 165 മീറ്റർ ദൂരം മാത്രം സുരക്ഷാ ഭിത്തി നിർമ്മിച്ചാൽ മതി ആദിവാസി കുടുംബങ്ങക്കും കർഷക കുടുംബങ്ങൾക്കും മലവെള്ളപ്പാച്ചിലിൽ നിന്നും കാട്ടാനക്കൂട്ടങ്ങളിൽ നിന്നും രക്ഷപ്പെടാൻ. പക്ഷേ ആര്, എപ്പോൾ ഈ 165 മീറ്റർ ദൂരം സുരക്ഷാ ഭിത്തി നിർമ്മിക്കുമെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.

 

Related Articles

Back to top button