KeralaLatest

ഇന്ന് അയ്യൻകാളിയുടെ 79 ആം ചരമദിനം

“Manju”

അയ്യങ്കാളി എന്ന നാമധേയം ആധുനിക കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ അതിസങ്കീര്‍ണമായ ഒന്നായി തുടരുകയാണ്. ഒരു വ്യക്തിയുടെ ജനിതക ഘടനയില്‍ അപകര്‍ഷതാബോധത്തിന്റെ അടിവേരറുത്തു എന്നതിലൂടെയാണ് അയ്യങ്കാളി ചരിത്രത്തില്‍ ഇടം നേടുന്നത്.വിദ്യാഭ്യാസം, വസ്ത്രധാരണം സാമൂഹിക തുല്യത, തൊഴിലിടങ്ങളില്‍ ലഭിക്കേണ്ട സംരക്ഷണവും തൊഴിലിന്റെ മഹത്വത്തെ അംഗീകരിക്കലും തുടങ്ങിയ സമൂഹത്തിന്റെ ജീവിത ഘടനയെ മാറ്റിമറിക്കുന്ന എല്ലാ ഘടകങ്ങളിലും അയ്യങ്കാളി സ്വജീവിതംകൊണ്ട് മാതൃകയായി മാറി.

1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു.ഇന്ന് അദ്ദേഹത്തിന്റെ 79 ആം ചരമദിനം നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു.

കല്ലുമാലകളും അര്‍ധനഗ്‌നതയും കാല്‍ മുഴുവന്‍ മറയാത്ത പകുതി മുണ്ടും സൃഷ്ടിച്ചു നല്‍കിയവരുടെ മനഃശാസ്ത്രം മനസ്സിലാക്കിയ ആളായിരുന്നു അയ്യങ്കാളി. കസവ് നേരിയത് കൊണ്ട് തലപ്പാവ്‌കെട്ടി തോളില്‍ ഷാളും തൂക്കി നെറ്റിയില്‍ വലിയ വട്ടപൊട്ടുമിട്ട് കാതില്‍ കടുക്കനുമണിഞ്ഞു മണികെട്ടിയ വെള്ളക്കാളയെ പൂട്ടിയ അലങ്കരിച്ച വില്ലുവണ്ടിയില്‍ യാത്ര ചെയ്ത അയ്യങ്കാളി വലിയൊരു സന്ദേശമാണ് ജാതി ശ്രേണിയുടെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച തലമുറകള്‍ക്ക് നല്‍കിയത്.

കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴിൽസമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ ട്രേഡ് യൂണിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്. കേരളത്തിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചാണ് അയ്യൻകാളി സമരം നടത്തിയത്.

ലോക തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പ് 1913 ജൂണ്‍ മാസത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വേങ്ങാന്നൂരിലെ കര്‍ഷക തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് സമരം 1914 മെയ് മാസത്തില്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കുണ്ടല നാഗപ്പന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ അവസാനിക്കുമ്പോള്‍ അയ്യങ്കാളിയുടെ വിജയത്തിന്റെ ചിരി കേരളമാകെ മുഴങ്ങിരുന്നു.

വേതനവർധന, ദലിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശം നൽകുക എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങൾ. കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കുമെന്നായിരുന്നു മുദ്രാവാക്യം. വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശം അംഗീകരിച്ചില്ല. സമരത്തിന്റെ ഫലമായി 1907 ൽ തിരുവിതാംകൂർ സർക്കാർ ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു.

ഇത് സവർണജന്മിമാർ അംഗീകരിച്ചില്ല. ഇതിനെതിരെയുള്ള കലാപത്തിൻെറ ഭാഗമായി പഞ്ചമി എന്ന പുലയ പെൺകുട്ടിയുമായി അയ്യൻകാളി ഊരുട്ടമ്പലം പള്ളിക്കൂടത്തിൽ പ്രവേശിച്ചു. ഇത് വലിയ സംഘർഷത്തിന് വഴിവെച്ചു. ഈ സംഭവങ്ങൾ തൊണ്ണൂറാമാണ്ട് ലഹളകൾ എന്നപേരിലാണ് അറിയപ്പെടുന്നത്

മഹാത്മാ അയ്യങ്കാളിയെ ശ്രീനാരായണ ഗുരുദേവ ദര്‍ശനം വളരെയധികം സ്വാധീനിച്ചിരുന്നു. ആത്മീയമായ അന്വേഷണം മാത്രം നടത്തി ആത്മ സായൂജ്യത്തിന്റെ അപാരതയില്‍ ലയിക്കാന്‍ തീരുമാനിച്ച സന്യാസി ആയിരുന്നില്ല ശ്രീനാരായണഗുരു. ഗുരുദര്‍ശനത്തിന്റെ കാതല്‍ അതിന്റെ പൂര്‍ണതയോടെ അയ്യങ്കാളി മനസ്സിലാക്കി. ജാതിജന്മി കൂട്ടായ്മയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പഞ്ചമി എന്ന ദലിത് ബാലികക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കുന്ന അയ്യങ്കാളിയെ വിസ്മരിക്കാന്‍ ഏത് ചരിത്രകാരനാണ് കഴിയുക.

അയിത്ത ജാതികാരന്റെ കുട്ടിപ്പള്ളികൂടത്തിന് ആവര്‍ത്തിച്ചു തീയിട്ടിരുന്ന ആത്മീയതയുടെ മൊത്തകച്ചവടക്കാരെ അദ്ദേഹം നേരിട്ടത് ആ പള്ളിക്കൂടം വീണ്ടും പുന:സൃഷ്ടിച്ചുകൊണ്ടാണ്. 1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും

സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.

രാഷ്രീയ താല്‍പര്യത്തിന് മതിലു കെട്ടാനല്ല മറിച്ച്, രാഷ്ട്രനിര്‍മാണത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് സ്ത്രീ സമൂഹത്തെ അദ്ദേഹം പഠിപ്പിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചുവട്പിടിച്ച് 1907ല്‍ രൂപീകരിച്ച സാധൂജന പരിപാലന സംഘം കേരളത്തിന്റെ സാമൂഹ്യ രാഷ്രീയ സംഘടന സവിധാനങ്ങളില്‍ പുതിയൊരു ചുവടുവെപ്പായിരുന്നു. കായിക പരിശീലനവും അച്ചടക്കത്തോടെയുള്ള ജീവിതവും ആത്മധൈര്യമുള്ള യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. നിര്‍ഭാഗ്യവശാല്‍ അച്ചടക്കമില്ലാത്ത കായിക പരിശീലത്തിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ജീവന്‍ ഹോമിക്കുന്നവരായി സ്വപ്‌നം കണ്ട യുവാക്കളില്‍ ചിലരെങ്കിലും മാറുന്നു.

Related Articles

Back to top button