KeralaLatestThiruvananthapuram

കോവിഡ്: ഓട്ടോ ഡ്രൈവർക്കെതിരെ സീരിയലുകളിലെ വേഷങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണം

“Manju”

തിരുവനന്തപുരം • കോവിഡ് ബാധിച്ചു ചികിത്സയിൽ തുടരുന്ന മിനി സ്ക്രീൻ കലാകാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ മണക്കാട് സ്വദേശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. തനിക്കും കുടുംബത്തിനും എതിരെയുള്ള അപവാദ പ്രചാരണത്തിനെതിരെ ഇദ്ദേഹം ഫോർട്ട് പൊലീസിൽ പരാതി നൽകി.

മണക്കാട് സ്വദേശിയും ഭാര്യയും രണ്ടു മക്കളും ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. രോഗബാധ സ്ഥിരീകരിച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ സഹിതമാണ് പ്രചാരണം. ഇദ്ദേഹം അഭിനയിച്ച സീരിയലുകളിലെ വേഷങ്ങൾ ഉപയോഗിച്ചാണ് വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രചാരണം. കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ഒക്കെ ഇദ്ദേഹം മുൻപ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോർട്ട് പൊലീസിലാണ് മണക്കാട് സ്വദേശി പരാതി നൽകിയത്.

തിരുവനന്തപുരം • മണക്കാട് കോവിഡ് ബാധിച്ച ഓട്ടോഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കഴിഞ്ഞ 30 മുതൽ ഈ മാസം 19 വരെയുള്ള മാപ്പാണ് ആരോഗ്യവിഭാഗം പ്രസിദ്ധീകരിച്ചത്. പല ദിവസങ്ങളിലായി ഇദ്ദേഹം കരമന തളിയൽ, ആനയറ, വട്ടിയൂർക്കാവ് , തിരുമല, പൂജപ്പുര, കുളത്തറ, പാൽകുളങ്ങര, ചാക്ക, കൈതമുക്ക്, തൃക്കണ്ണാപുരം, പേരൂർക്കട, അമ്പലമുക്ക്, പാറ്റൂർ , വഞ്ചിയൂർ, തമ്പാനൂർ, സ്റ്റാച്യു, കാലടി, ഐരാണിമുട്ടം, ആറ്റുകാൽ, വഴുതക്കാട്, വെള്ളായണി, തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചു.

മിനിസ്ക്രീൻ കലാകാരനുമായ ഇദ്ദേഹം 30 ന് കരമന തളിയലിൽ സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുത്തു. 3 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോ സവാരി നടത്തി. 12 ാം തീയതി പനി ആരംഭിച്ചു. അന്നേ ദിവസം പൂജപ്പുര സീരിയൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. 13 ന് കാലടിയിലെ തേങ്ങ വിൽപന കടയിൽ എത്തി.
അന്നു തന്നെ ഐരാണിമുട്ടം സിഎച്ച്സിയിലും ദുർഗാ മെഡിക്കൽസിലും എത്തി.15 ന് ഐരാണിമുട്ടം സിഎച്ച്സിയിലും ഉത്രം ലാബിലും വന്നു. 11.30 ന് ഇന്ത്യൻ ബാങ്കിന്റെ ആറ്റുകാൽ ശാഖയിലും 4.57 ന് കാലടിയിലെ വിനായക മാർജിൻ ഫ്രീ സ്റ്റോറിലുമെത്തി. 17 ന് രാവിലെ 10. 30 ന് ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രിയിൽ എത്തി. പിറ്റേന്ന് രാവിലെ 7.30 ന് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തി. ഓട്ടോയിൽ വീട്ടിലേക്കു മടങ്ങി. 19 ന് ഫലം പോസിറ്റീവായി. ഇതോടെ കുടുംബത്തെ ഉൾപ്പെടെ ജനറൽ ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button