KeralaLatest

ബ്യൂട്ടിപാര്‍ലറുകള്‍ക്ക് മിനുക്കമില്ല., പ്രതിസന്ധിയില്‍

“Manju”

തിരുവനന്തപുരം : മുഖം മിനുക്കാനാകാതെ ഇരുണ്ടുകിടക്കുകയാണ് ബ്യൂട്ടിപാര്‍ലര്‍ മേഖല. നിലവില്‍ ലോക്ക് ഡൗണ്‍ ഇളവുണ്ടെങ്കിലും മുടിവെട്ടാന്‍ മാത്രമാണ് അനുവാദം. വിവാഹമടക്കമുള്ള ആഘോഷവേളകളില്‍ ആളുകളുടെ എണ്ണം കുറഞ്ഞതും ബ്യൂട്ടി പാര്‍ലറുകളുടെ നില പരുങ്ങലിലാക്കി. പ്രധാന വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞതോടെ മേഖലയുടെ നില ഏറെ പരുങ്ങലിലാണ്.
പലപ്പോഴും ആഡംബര വിഭാഗമെന്ന നിലയില്‍ കണക്കാക്കി അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്ന മേഖലയാണിതെന്ന് ബ്യൂട്ടീഷ്യന്‍മാര്‍ പരാതിപ്പെടുന്നു. കൂടുതലായും സ്ത്രീകളാണ് ബ്യൂട്ടീഷ്യന്‍ മേഖലയിലുള്ളത്. നടത്തിപ്പിനൊപ്പം ജീവനക്കാരിലും നല്ലൊരു പങ്ക് സ്ത്രീകളാണ്. മാസങ്ങളായി പൂട്ടിക്കിടക്കുമ്ബോള്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് അടയുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.രണ്ട് കൊറോണ തരംഗങ്ങള്‍ക്കിടയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. നിലവിലുള്ള സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രതിസന്ധി നേരിടുകയാണ്. വാടക,​ വൈദ്യുതി ബില്‍,​ വെള്ളം എന്നിവയുടെ ബില്ലടയ്ക്കാനും പ്രയാസമുണ്ട്. വിലപിടിച്ച ക്രീമുകളും മറ്റും കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായിത്തീര്‍ന്നു.
സ്ത്രീ സംരംഭകരും സ്ത്രീ ജീവനക്കാരും കൂടുതലുള്ള മേഖലയെന്ന പരിഗണന പലപ്പോഴും ബ്യൂട്ടീഷ്യന്‍ മേഖലയ്ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളില്‍ നിരവധി ആളുകള്‍ വരുന്നതിനാല്‍ വാക്സിനേഷനില്‍ മുന്‍ഗണന നല്‍കാനും നടപടി ഉണ്ടാകേണ്ടതാണ്. രണ്ടുവര്‍ഷത്തിനിടെ എട്ടുമാസം അടച്ചിടേണ്ടി വന്നു. ആദ്യത്തെ ലോക്ക്ഡൗണില്‍ അടച്ചിട്ട ആറ് മാസത്തേക്കും തൊഴില്‍ നികുതി ഇനത്തില്‍ പലിശ അടക്കം വാങ്ങിയിരുന്നു.  ഇത്തവണ തൊഴില്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ നികുതി വാങ്ങരുതെന്നാണ് മേഖലയുടെ ആവശ്യം.  വാടക ഇനത്തില്‍ ഇളവ് കിട്ടുവാനും ഇടപെടലുണ്ടാവണം.  വൈദ്യുതി ബില്‍ അടയ്ക്കുവാനും സാവകാശം വേണമെന്നാണ് പാര്‍ലര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button