KeralaLatest

തക്കാളി അടുക്കളയിലേയ്ക്ക്

“Manju”

മലപ്പുറം: ഇനി തക്കാളിയെ അടുക്കളയ്ക്ക് പുറത്തിരുത്തേണ്ട. വിലയില്‍ സെഞ്ച്വറി അടിച്ചുമുന്നേറിയ തക്കാളിയെ വീണ്ടും പിടിച്ചുകെട്ടുകയാണ്.100 മുതല്‍ 140 രൂപ വരെ വില എത്തിയിരുന്നിടത്ത് ഇപ്പോള്‍ വില കുറഞ്ഞ് 60 മുതല്‍ 65 വരെയെത്തി. ചെന്നെ മാര്‍ക്കറ്റില്‍ ഇന്നലെ 35 രൂപയാണ് തക്കാളിയുടെ മൊത്ത വില. രണ്ട് ദിവസത്തിനുള്ളില്‍ 50 രൂപയിലേക്ക് തക്കാളി എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്,​ ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയുടെയും മറ്റു പച്ചക്കറികളുടെയും വരവ് വര്‍ദ്ധിച്ചതോടെയാണ് ജില്ലയില്‍ വില കുറഞ്ഞത്. തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ കൃഷിയിടങ്ങളിലെല്ലാം വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതു മുതലെടുത്ത് ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തി. ഇന്ധന വില വര്‍ദ്ധനവും വിലക്കയറ്റത്തിന് കാരണമായി. കൃഷിയിടങ്ങള്‍ വീണ്ടും സജീവമാവുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്തതോടെ പച്ചക്കറികളുടെ വരവ് വേഗത്തിലായിട്ടുണ്ട്. വരുംദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.

പച്ചക്കറികള്‍ പ്രധാനമായും ജില്ലയിലേക്ക് എത്തുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നായത് കൊണ്ട് തന്നെ മാര്‍ക്കറ്റില്‍ ഇടനിലക്കാരുടെ അതിപ്രസരവുമുണ്ട്. 140 രൂപയ്ക്ക് തക്കാളി വിറ്റ സമയത്തും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് 25 മുതല്‍ 30 രൂപ വരെ മാത്രമാണ്. വില കൂടിയാലും ഇല്ലെങ്കിലും കര്‍ഷകര്‍ക്ക് ഇതില്‍ കൂടുതല്‍ തുക ലഭിക്കാറില്ല. കര്‍ഷകര്‍ കൃഷി ആരംഭിക്കുന്ന സമയംതൊട്ട് തന്നെ ഇടനിലക്കാരെത്തി വില ഉറപ്പിക്കുന്ന പതിവുരീതിയും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ള കച്ചവടത്തില്‍ മാത്രമാണ് കുറച്ചെങ്കിലും ലാഭം കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളു.

Related Articles

Back to top button