IndiaLatest

ഗല്‍വാന്‍ താ‌ഴ്‌വര തങ്ങളുടേതാണെന്ന് അവകാശവാദവുമായി ചൈന

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: സേന പിന്മാറ്റത്തിന് ധാരണയായ ശേഷവും അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന് ചൈനീസ് പ്രതിരോധമന്ത്രാലയം ആരോപിച്ചു. ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്നാണ് അവകാശവാദം. ഇന്ത്യയുടെ സൈനിക നീക്കം ഫലം കാണില്ലെന്നും ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ നിന്ന് സ്വതന്ത്ര ഏജന്‍സികള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ ചൈന വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പടയൊരുക്കവും തുടരുന്നതായി വ്യക്തമാണ്. ജൂണ്‍ പതിനഞ്ചിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഗല്‍വാനിലെ സൈനിക പോസ്റ്റ് ചൈന പുന:സ്ഥാനപിച്ചതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ദൗലത് ബേഗ് ഓള്‍‍ഡിയോടു (ഡി.ബി.ഒ) ചേര്‍ന്നുള്ള അതിര്‍ത്തി മേഖലകളിലും തര്‍ക്കമുന്നയിച്ച്‌ ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ 10, 13 പട്രോളിംഗ് പോയിന്റുകള്‍ക്കിടയില്‍ ഇന്ത്യന്‍ സേനാംഗങ്ങളുടെ പട്രോളിംഗ് ചൈനീസ് സേന തടസപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഇതേപ്പറ്റി ഇന്ത്യന്‍ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ കഴിയുന്ന എയര്‍സ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡി.ബി.ഒ, അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ സേനാ നടപടികളിലെ അവിഭാജ്യ ഘടകമാണ്. കാരക്കോറം മേഖലയിലേക്കു കടന്നുകയറാനുള്ള ചൈനയുടെ ശ്രമമാണ് ഡി.ബി.ഒയിലെ തര്‍ക്കങ്ങളെന്ന് സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പാംഗോംഗ് മലനിരകള്‍, ഗല്‍വാന്‍, ഹോട് സ്‌പ്രിംഗ്‌സ് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് മറ്റൊരിടത്തു കൂടി കടന്നുകയറാനുള്ള ചൈനയുടെ ശ്രമം.
അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കല്‍ വര്‍ദ്ധിച്ചതായി സേനാ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയില്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.

Related Articles

Back to top button