KeralaLatest

മോഡലുകളുടെ മരണം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

“Manju”

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ റോയ് വയലാറ്റ് അടക്കം എട്ട് പ്രതികളാണുള്ളത്.സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ കണ്ടത്തല്‍. അമിതമായി മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് അബ്ദുള്‍ റഹ്‌മാനെതിരെയും കേസെടുത്തിട്ടുണ്ട്. ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ സൈജുവും, റോയിയും മോഡലുകളെ നിര്‍ബന്ധിച്ചതിനും കേസുണ്ട്. തെളിവ് നശിപ്പിച്ചതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നായിരുന്നു റിപ്പോര്‍ട്ട്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നാണ് വിശദമായ അന്വേഷണം നടന്നത്. തുടര്‍ന്നാണ് മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനുമെതിരായ തെളിവുകള്‍ പുറത്തുവന്നത്. സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ പിന്തുടര്‍ന്നാണ് അപകടത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Related Articles

Back to top button