എഴുത്തിടം | Ezhuthidam

“നീ”

“Manju”
ആർദ്ര എസ്, അയിരക്കഴി

 

നീയെനിക്കായ്‌ എഴുതിയ വരികളിലൊക്കെയും
വിരിയുന്നതായിരം മാരിതൻ വർണ്ണങ്ങൾ.

നിനക്കായ്‌ ഞാനെഴുതിയ വരിയിലോ
ഇതളിട്ടതോർമ്മതൻ ചെമ്പനീർ മൊട്ടുകൾ.

നിന്റെ ലിപികളിൽ വിടരുന്ന പൂവുഞാനാകയാൽ
എന്റെ പൂക്കളിൽ നിറയുന്ന മധുവാണു നീ പ്രിയാ.

നിന്റെ കണ്ണിനു കുളിരേകും കാഴ്ചയായ്
നിന്റെ കാതിനിമ്പമാം
നാദമായ്

നിന്റെ നെഞ്ചിൽ പടരുന്ന താളമായ്
നീതൊടും ചന്ദനക്കുറിയിലെ ഗന്ധമായ്

നിന്നിലെ രുദ്രാക്ഷമാല തൻ നൂലു പോൽ
നിന്നെപ്പുണരുവാൻ കൊതിക്കുന്നു ഞാനിതാ.

നിന്നിലേയ്ക്കൊഴുകുന്ന പുഴയാണു ഞാനെന്നും
നിന്നിലലിയുന്ന നനവാണു ഞാനെന്നും

നിന്റെയുള്ളിലെ ഉൾക്കാഴ്ച തേടി ഞാൻ
നിന്നിൽ ചേരുന്നിതാർദ്രമായ് സാന്ദ്രമായ്.

 

Related Articles

Back to top button