KeralaKozhikodeLatest

കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലില്‍

“Manju”

സിന്ധുമോള്‍ ആര്‍

വടകര: വടകര സ്വദേശിയായ കപ്പല്‍ ക്യാപ്റ്റന്‍ യമനില്‍ മാസങ്ങളായി കൊള്ളക്കാരുടെ തടങ്കലില്‍. വടകര കുരിയാടി സ്വദേശി തമ്മക്കാരന്റവിട ദേവപത്മത്തില്‍ ടി.കെ. പ്രവീണ് ‍(45) ആണ് കൊള്ളക്കാരുടെ തടങ്കലിലുള്ളത്. 17 വര്‍ഷമായി ഒമാന്‍ ഐലന്‍ഡ് ബ്രിഡ്ജസ് ട്രേഡിങ്ങ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ജോലിക്കാരനാണ് പ്രവീണ്‍. ഒന്നരവര്‍ഷം മുന്‍പ് നാട്ടിലെത്തി തിരിച്ച്‌ ഒമാനിലേക്ക് പോയ പ്രവീണ്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ യമനില്‍ കൊള്ളക്കാരുടെ തടങ്കലിലാണെന്ന് ഭാര്യ അമൃത പ്രവീണ്‍ പറഞ്ഞു.

ഐലന്‍ഡ് ബ്രിഡ്ജ് കമ്പനിയുടെ അല്‍ റാഹിയ എന്ന ചരക്ക് കപ്പലിന്റെ ക്യാപ്റ്റനാണ് പ്രവീണ്‍. ഒമാനില്‍ നിന്നും സൗദിയിലേക്ക് കോണ്‍ട്രാക്‌ട് ജോലിക്കായി പോകുകയായിരുന്ന ഇതേ കമ്പനിയുടെ ഫരീദ, ധന -6 എന്നീ കപ്പലുകളോടൊപ്പം ഫെബ്രുവരി 14 ന് യമനില്‍ വെച്ചാണ് അല്‍റഹിയ എന്ന കപ്പലും കൊള്ളക്കാര്‍ പിടികൂടിയത്. ധന-6 എന്ന കപ്പല്‍ കടലില്‍ മുങ്ങിയതോടെ ഇതിലുള്ള ജോലിക്കാരേയും മറ്റു രണ്ടു കപ്പലുകളും ഇതിലേയും ജോലിക്കാരെയും പിടികൂടി കസ്റ്റഡിയില്‍ വെച്ചു. യമനിലെ കോസ്റ്റ് ഗാര്‍ഡാണ് കപ്പല്‍ പിടികൂടിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് പ്രവീണ്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ കൊള്ളക്കാരും തീവ്രവാദികളും ചേര്‍ന്നാണ് 15 ഇന്ത്യക്കാരടക്കമുള്ള 23 പേരെ തടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് വിവരം ലഭിക്കുന്നത്. ഇപ്പോള്‍ ഒരു ഹോട്ടലിന്റെ ഇടുങ്ങിയ മുറിയിലാണ് മുഴുവന്‍ പേരെയും താമസിപ്പിച്ചിരിക്കുന്നത്. ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ 23 പേര്‍ക്കുമായി അര മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു.

മെയ് ഏഴിന് ഇന്ത്യക്കാരായ ജീവനക്കാരെ വിട്ടയക്കാമെന്ന് കൊള്ളക്കാര്‍ ഒമാന്‍ സര്‍ക്കാരിന് വാക്കുനല്‍കിയിരുന്നു. കപ്പല്‍ വിട്ടുകിട്ടണമെന്ന് ഒമാന്‍ കമ്പനി ആവശ്യപ്പെട്ടതോടെ കൊള്ളക്കാര്‍ മോചന ദ്രവ്യം ആവശ്യപ്പെടുകയും 23 പേരുടെ മോചനം സാധ്യമാകാതെ വരികയായിരുന്നെന്നും പ്രവീണ്‍ അറിയിച്ചതായി ഭാര്യ പറഞ്ഞു. എപ്പോള്‍ ഇവര്‍ക്ക് മോചനം ലഭിക്കുമെന്ന് അറിയില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു. പ്രവീണ്‍ എന്ന് തിരിച്ചു വരും എന്ന ആശങ്കയിലാണ് ഭാര്യ അമൃതയും മക്കളായ പ്രണവും വൈഗാ പ്രവീണും കുടുംബവും.

Related Articles

Back to top button