20 ബില്യന്‍ ഡോളര്‍ കടമെടുക്കാന്‍ കുവൈത്ത് പെട്രോളിയം കോര്പറേഷന്
കുവൈത്ത് സിറ്റി: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ക്കായി കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് 20 ബില്യന്‍ ഡോളര്‍ കടമെടുക്കുന്നു. കുവൈത്ത് സര്‍ക്കാറിന് കീഴിലുള്ള എണ്ണക്കമ്പനിയായ കെ.പി.സിയാണ് വന്‍ തുക കടമെടുക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ എണ്ണവില കൂപ്പുകുത്തിയത് എണ്ണക്കമ്പനികളുടെ വരുമാന പ്രതീക്ഷകളെയും ബജറ്റിനെയും ഒന്നാകെ തകിടം മറിച്ചു.
അതെ സമയം 20 ബില്യന്‍ ഡോളര്‍ ഒറ്റയടിക്ക് കടമെടുക്കില്ല. ഓരോ ആറുമാസവും പണത്തിന്റെ ആവശ്യം എത്രയെന്ന് വിലയിരുത്തും. ഒപെക് ധാരണയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉല്പാദനം കുറച്ചിട്ടുണ്ടെങ്കിലും എണ്ണ മേഖലയിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ കുവൈത്ത് കുറവുവരുത്തിയിട്ടില്ല.
അതെ സമയം വിലയിടിവ് താല്‍ക്കാലികമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വില കൂടുമ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ശക്തി പകരുമെന്നാണ് കുവൈത്തിന്റെ നിഗമനം. കുവൈത്തിെന്റെ പ്രതിദിന എണ്ണ ഉല്പാദനം 2040 ആകുന്നതോടെ 4.75 ദശലക്ഷം ബാരല്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍. 3.15 ദശലക്ഷം ബാരലാണ് നിലവില്‍ ഉല്പാദനശേഷി.