IndiaLatest

നൈജീരിയയിലേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുത് ;പിടിയിലായ കപ്പല്‍ ജീവനക്കാര്‍

“Manju”

ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കയിലെ ഗിനിയയില്‍ നേവിയുടെ പിടിയിലായ ഇരുപത്തിയാറംഗ സംഘത്തിന്റെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തിനൊപ്പം പോകണമെന്ന് ഗിനിയ വീണ്ടും ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കപ്പല്‍ ജീവനക്കാരുടെ പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

‘കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രശ്നത്തില്‍ കാര്യമായി ഇടപെടണം. 20 നോട്ടിക്കല്‍ മൈല്‍ അകലെ നൈജീരിയന്‍ നേവിയുടെ കപ്പല്‍ കാത്തിരിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും പെട്ടെന്ന് ഞങ്ങളുടെ മോചനത്തിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങളിവിടെ തടവിലാണ്. ഞങ്ങളെ നൈജീരിയയിലേയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം.’- വീഡിയോയില്‍ കപ്പലിലുള്ളവര്‍ പറയുന്നു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പടെ 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ്‌ മേത്തയാണ്. ചീഫ് ഓഫീസര്‍ മലയാളിയായ സനു ജോസാണ്. നാവിഗേറ്റിംഗ് ഓഫീസറാണ് വിജിത്ത്. കൊച്ചി സ്വദേശിയായ മില്‍ട്ടനും കപ്പലിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പലില്‍ ഇവര്‍ എത്തിയത്. ഇതിനിടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റ് ചെയ്തതായി അറിയിപ്പുണ്ടായി. പിഴയായി ആവശ്യപ്പെട്ട രണ്ട് മില്യണ്‍ യു എസ് ഡോളര്‍ അടച്ചിട്ടും വിട്ടയച്ചിരുന്നില്ല. അടിയന്തരനടപടിക്കായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. കപ്പലിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്

Related Articles

Back to top button