KeralaLatestThiruvananthapuram

‍തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചകൂടി നീട്ടാന്‍ സാദ്ധ്യത

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗരത്തില്‍ കൊവിഡ് വ്യാപനം സങ്കീര്‍ണമായതോടെ നിലവിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വീണ്ടും തുടരാനാണ് സാദ്ധ്യത. തിങ്കളാഴ്ച ആരംഭിച്ച ലോക്ക് ഡൗണ്‍ ഒരാഴ്‌ചക്കാലയളവിലേക്കാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ദിനംപ്രതി കൊവിഡ് രോഗികള്‍ കൂടിവരുന്നതിനാല്‍ ഒരാഴ്ച കൂടി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും. നഗരത്തില്‍ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും രോഗം ബാധിച്ച്‌ മരണപ്പെട്ടവരില്‍ ചിലരെല്ലാം സമൂഹവ്യാപനത്തിന്റെ ഇരകളാണെന്ന് വ്യക്തമായിട്ടും സംസ്ഥാനത്ത് കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ ഇല്ലെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പും സര്‍ക്കാരും.

ഓരോദിവസവും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ജനങ്ങള്‍ സാധാരണ നിലയിലേക്ക് നീങ്ങിയതോടെയും കുമരിച്ചന്തയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് കമ്മ്യൂണിറ്റി സ്‌പ്രെഡിന് വീണ്ടും തുടക്കമായത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായപ്പോഴാണ് കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി സ്‌പ്രെഡിനെക്കാള്‍ ഭയാനകമായ സൂപ്പര്‍ സ്‌പ്രെഡിലേക്ക് തലസ്ഥാന നഗരി എത്തിയെന്ന് മേയറും മുഖ്യമന്ത്രിയുമെല്ലാം സമ്മതിച്ചത്. മൂന്നു ദിവസത്തിനിടെ ജില്ലയിലുണ്ടായ 213 കേസുകളില്‍ 190 ഉം സമ്പര്‍ക്കം മൂലമാണ്. ഇന്നലെയുണ്ടായ 95 രോഗികളില്‍ 88 പേരും പൂന്തുറ നിന്നുള്ളവരാണ്.

പൂന്തുറയില്‍ പടര്‍ന്നുപിടിച്ച രോഗം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ വാര്‍ഡ് അതിര്‍ത്തികള്‍ അടച്ച്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാര്‍ഡിലെ ഓരോ പ്രദേശങ്ങളും പ്രത്യേക ക്ലസ്റ്ററുകളായി മാറ്റി രോഗനിയന്ത്രണവും ആരംഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച്‌ വീണ്ടും സാധാരണ നിലയിലേക്ക് മാറ്റിയാല്‍ നഗരത്തിലെ മണക്കാട്, വലിയതുറ, കടകംപള്ളി, പട്ടം മേഖലകളില്‍ കണ്ടുതുടങ്ങിയ രോഗം വ്യാപിക്കാന്‍ കാരണമാകും. ഇതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുക മാത്രമേ ജില്ലാ ഭരണകൂടത്തിന് മുന്നില്‍ വഴിയുള്ളൂ.

Related Articles

Back to top button