Uncategorized

മദ്ധ്യപ്രദേശില്‍ 6,800 കോടി യുടെ നവീകരണ പദ്ധതികള്‍ക്ക് തുടക്കം

“Manju”

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ ദേശീയപാത വികസനത്തിന് 6,800 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം. വിവിധ ഗതാഗത നവീകരണ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു.550 കിലോമീറ്ററോളം വരുന്ന 18 ദേശീയ പാതകളിലാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിലാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര മന്ത്രി വീരേന്ദ്രകുമാര്‍, കേന്ദ്ര സഹമന്ത്രി പ്രഹ്ലാല്‍ സിംഗ് പട്ടേല്‍, മദ്ധ്യപ്രദേശില്‍ നിന്നുള്ള എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നാല് വരിപ്പാതയുടെ വരവോടെ യാത്രാ സൗകര്യം കൂടുതല്‍ സുഗമമാകുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ഗഡ്കരി പറഞ്ഞു. സാഗര്‍ സിറ്റി, ഛത്തര്‍പൂര്‍ സിറ്റി, ഗധാക്കോട്ട എന്നിവിടങ്ങളില്‍ മേല്‍പ്പാലം വരുന്നതോടുകൂടി ഗതാഗതകുരുക്കുകളിലും കാര്യമായ മാറ്റം സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ വിനോദ സഞ്ചാര മേഖലയായ ഓര്‍ച്ച, ഖജുരാഹോ, പന്ന, ചിത്രക്കൂട്ട്, ടികാംഗഡ് സാഞ്ചി എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാര യാത്രയിലും ഗൂണകരമായിരിക്കും ഈ പാത. ഭോപ്പാല്‍-കാണ്‍പൂര്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തിലൂടെ സിമന്റ്, മറ്റ് ധാതുക്കള്‍ തുടങ്ങിയവയുടെ ഗതാഗതമാര്‍ഗ്ഗവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടനാഴിയുടെ നിര്‍മ്മാണത്തോടെ ഭോപ്പാല്‍, കാണ്‍പൂര്‍, ലക്‌നൗ, പ്രയാഗ്‌രാജ്, വാരണാസി തുടങ്ങിയ ഇടങ്ങളിലേക്കും യാത്ര എളുപ്പമായിരിക്കും.

ചടങ്ങില്‍ സംസാരിക്കുന്ന വേളയില്‍ ബേത്വയിലെ ജനങ്ങളുടെ രണ്ട് പതിറ്റാണ്ടായുളള ആഗ്രഹ സാഫല്യത്തെ കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചു. 25 കോടി ചെലവഴിച്ച്‌ 665-മീറ്റര്‍ ദൂരമുളള പാലം ഇവിടെ നിര്‍മ്മിച്ചു. ഓര്‍ച്ച, ഝാന്‍സി, ടികാംഗഡ് എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കാന്‍ രണ്ട് വശത്തും നടപ്പാത ഒരുക്കിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. പവായ്, ഓര്‍ക്കാ, ഹര്‍പാല്‍പൂര്‍, കൈത്തി പധാരിയ കാല, പട്‌ന തമൗലി, ജാസ്സോ, നഗൗഡ്, സാഗര്‍ എന്നിവിടങ്ങളിലേക്കുളള ബൈപ്പാസ് റോഡുകള്‍ ഗതാഗതക്കുരുക്കുകള്‍ കുറയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാഗര്‍ ഗ്രീന്‍ഫീല്‍ഡ് ലിങ്ക് റോഡ് ഭോപ്പാല്‍-കണ്‍പൂര്‍ യാത്രയിലെ 21 കിലോമീറ്ററുകള്‍ കുറച്ചു തരുന്നു. 2,000 കോടി രൂപയുടെ 105 കിലോമീറ്റര്‍ വരുന്ന നാലുവരിപ്പാതയെ കുറിച്ചും പ്രതിപാദിച്ചു. ബമിത മുതല്‍ സത്‌ന വരെയാണ് പാത നിര്‍മ്മിക്കുക

Related Articles

Back to top button