KeralaLatestThiruvananthapuram

നടപ്പാത കൈയേറുന്നവർക്കെതിരെ നിയമ നടപടി വേണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

“Manju”

തിരുവനന്തപുരം: നടപ്പാതകൾ കൈയേറി വാഹനങ്ങൾ  പാർക്ക് ചെയ്യുന്നവർക്കും കച്ചവട ആവശ്യങ്ങൾക്കായി നടപ്പാത ഉപയോഗിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കാൽനട യാത്രക്കാർക്ക്  റോഡ് മുറിച്ചു കടക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ  നിരത്ത് മുറിച്ചുകടക്കാൻ ആവശ്യമായ സൗകര്യം  അധികൃതർ ഉറപ്പാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ്  ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സൈലൻസറിൽ കൃത്രിമം കാണിച്ച് അമിത ശബ്ദമുണ്ടാക്കുന്ന വാഹന ഉടമകൾക്കെതിരെയും നിയമ വിരുദ്ധമായി ഹോൺ ഉപയോഗിക്കുന്നവർക്കെതിരെയും അടിയന്തിര നടപടി സ്വീകരിക്കണം.

നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ സുരക്ഷിതമാണോ എന്ന് അധികൃതർ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ഗതാഗത വകുപ്പ് കമ്മീഷണർ, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയർ  എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

കാൽനട യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് വി. സോമശേഖരൻ നാടാർ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ കാൽനട യാത്രക്കാരുടെ  പരാതി പരിഹരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും വാഹന ഉടമകൾ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി പറയുന്നു. കന്റോൺമെന്റ് പോലീസ് സ്റ്റേഷന് മുമ്പിലുള്ള നടപ്പാതകളിൽ പോലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പതിവു കാഴ്ചയാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു..

Related Articles

Back to top button