AlappuzhaKeralaLatest

കയര്‍ സാനി മാറ്റുകള്‍ കേരളം ഏറ്റെടുക്കണമെന്ന് മന്ത്രി തോമസ് ഐസക്

“Manju”

ശ്രീജ.എസ്

ആലപ്പുഴ : പരിസ്ഥിതിക്കിണങ്ങുന്നതും ജനോപകാരപ്രദവുമായ കോവിഡ് പ്രതിരോധ ‘സാനി മാറ്റ്സ്’ കേരളം ഏറ്റെടുക്കണമെന്ന് കയര്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്. സംസ്ഥാന കയര്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച വെബ്ബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന കയര്‍ വകുപ്പിന്റെ നൂതന സംരഭമായ സാനി മാറ്റുകളുടെ നിര്‍മ്മാണത്തിലൂടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ തടുക്കുകള്‍ക്കു കോവിഡ് കാലത്ത് കേരളത്തിലും വിദേശരാജ്യങ്ങളിലും ആവശ്യമേറും. കയര്‍ വകുപ്പിന്റെ പുതിയ ചുവടുവെയ്പ്പ് സമൂഹത്തില്‍ പുതിയ ഡിമാന്‍ഡ് സൃഷ്ടിചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെറുകിട ഉല്‍പാദകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ക്ക് നല്‍കുന്ന രീതിയാണ് കയര്‍ കോര്‍പറേഷന്‍ ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ സാനി മാറ്റുകള്‍ ദേശ വ്യാപകമായി നേരിട്ട് വിപണനം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ഷോ റൂമുകള്‍ വഴി ഇപ്പോള്‍ ലഭ്യമാകുന്ന മാറ്റുകള്‍ കുടുംബശ്രീ സിഡിഎസ് വഴി സംസ്ഥാനത്ത് എല്ലായിടങ്ങളിലും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കയര്‍ കോര്‍പ്പറേഷനുമായി സഹകരിക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ ഹോം ഷോപ്പിക്കു പുറമെ കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈ ഷോ റൂമുകള്‍ വഴിയും സാനി മാറ്റുകള്‍ വിപണിയില്‍ എത്തിക്കും.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജിയിലെ വിദഗ്ധരും, നാഷണല്‍ കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന സാനിറ്റൈസര്‍ ലായനിയാണ് ആന്റി കോവിഡ് മാറ്റില്‍ ഉപയോഗിക്കുന്നത്. കയര്‍ മാറ്റ്, ട്രേ, സാനിറ്റൈസര്‍ ലായനി എന്നിവ ഒരു കിറ്റായാണ് വിപണിയില്‍ എത്തുന്നത്.

കേരളത്തിലും പുറത്തും മാറ്റുകള്‍ വിപണിയില്‍ എത്തിക്കുവാന്‍ വിതരണക്കാരെ ക്ഷണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ ഈ മാസം അവസാനിക്കും മുന്‍പ് കയര്‍ കോര്‍പ്പറേഷനെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. കെ. ദേവകുമാര്‍, കയര്‍ വകുപ്പ് സെക്രട്ടറി എന്‍. പദ്മകുമാര്‍ ഐഎഎസ്, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ. കെ. ആര്‍. അനില്‍, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ വെബ്ബിനാറില്‍ പങ്കെടുത്തു.

Related Articles

Back to top button