KeralaLatestThiruvananthapuram

ആരോഗ്യപ്രവര്‍ത്തകരോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം:മുല്ലപ്പള്ളി

“Manju”

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിനോടകം 150 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റ്,എന്‍1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്ന് ആക്ഷേപം നിലനില്‍ക്കുന്നു. അധികസമയ സേവനത്തിന് അധിക വേതനം നല്‍കണമെന്ന ന്യായമായ ഇവരുടെ ആവശ്യത്തെ പരിഹാസത്തോടെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. സാലറികട്ടിന്റെ പരിധിയില്‍ നിന്നുവരെ ഇവരെ ഒഴുവാക്കിയില്ല.ഇത് ക്രൂരമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരുമാസത്തെ അധിക ശമ്പളമാണ് നല്‍കുന്നത്.രാജ്യത്തെ മറ്റു സംസ്ഥാന സര്‍ക്കാരുകളും സമാന മനോഭാവമാണ് ആരോഗ്യപ്രവര്‍ത്തകരോട് സ്വീകരിക്കുന്നത്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ വേതനം മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കുറവാണ്. സ്വന്തം ജീവന്‍ മാത്രമല്ല, തങ്ങളോടൊപ്പം ജീവിക്കുന്ന കുടുംബത്തിന്റെ ആരോഗ്യവും സുരക്ഷിതത്വവും വിസ്മരിച്ച് സേവനം അനുഷ്ഠിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരെന്നത് മുഖ്യമന്ത്രി വിസ്മരിക്കരുത്.കോവിഡിനെ മറയാക്കി പിന്‍വാതിലൂടെ താല്‍ക്കാലിക നിയമനങ്ങളും മതിയായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത കള്ളക്കടത്ത് സംഘത്തിലെ കണ്ണികള്‍ക്ക് പോലും ലക്ഷങ്ങളുടെ ശമ്പളത്തില്‍ നിയമനം നല്‍കാന്‍ പണമുണ്ടെന്നിരിക്കെയാണ് ആരോഗ്യപ്രവര്‍ത്തകരോട് ഈ സമീപനം സര്‍ക്കാര്‍ തുടരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പൂര്‍ണ്ണമായും പാളിയ മട്ടാണ്.ദിനം പ്രതിരോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.മതിയായ കോവിഡ് പരിശോധന നടക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ കാരണം. ചെലവു കുറഞ്ഞ ആന്റിജന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പരിശോധനാഫലം ലഭിക്കുന്നതില്‍ വലിയ കാലതാമസമാണ് പലയിടത്തും ഉണ്ടാകുന്നത്. മിക്കയിടങ്ങളിലും ചുരുങ്ങിയത് ഒരാഴ്ചയോളം വരെ എടുക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Back to top button