KeralaLatest

കൺസൾട്ടൻസികളുടെ അധിനിവേശം കേരളത്തെ തകർക്കും:കുമ്മനം രാജശേഖരൻ

“Manju”

പത്തനംതിട്ട: കേരളത്തിലെ വികസന രംഗത്ത് ഇപ്പോൾ കൺസൾട്ടൻസികളുടെ അധിനിവേശമാണെന്നും മുതലാളിത്ത ഫ്യുഡലിസ്റ്റ് ശക്തികളുടെ ചൂഷണത്തിന് ഇരയാവുകമൂലം പാവപ്പെട്ട ജനങ്ങൾക്ക് സർക്കാരിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നില്ലെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

ഏത് പുതിയ സംരംഭത്തിനും ബഹുരാഷ്ട്ര ബന്ധമുള്ള കൺസൾട്ടൻസികളെ നിയമിച്ച് ധൂർത്തിനും അഴിമതിക്കും സർക്കാർ വാതിൽ തുറന്നിടുകയാണ്. കേരളത്തിലെ വ്യവസായ – വാണിജ്യ വ്യാപാര മേഖലകളിലുള്ള ഈ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റംമൂലം നാടിന്റെ സമ്പദ്ഘടന തകരുമെന്നത് മാത്രമല്ല അനധികൃത നിയമനങ്ങളും കോടികളുടെ വൻ അഴിമതിയും വഴി പ്രൊജക്റ്റുകൾ അവതാളത്തിലാകുകയും ചെയ്യും.

സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ പിഎസ്‌സി വഴിയോ , എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ നടത്തണമെന്ന നിബന്ധന കാറ്റിൽ പറത്തിക്കൊണ്ടാണ് സിപിഎമ്മിന്റെ ഇഷ്ടക്കാരായ ആയിരക്കണക്കിന് പേരെ കൺസൾട്ടൻസികളിലൂടെ നിയമിക്കുന്നത്.

ഇതുമൂലം സമാന്തര സമ്പദ്ഘടന കേരളത്തിൽ കെട്ടിപ്പടുത്ത് അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ സ്വന്തം വരുതിയിൽ കൊണ്ടുവരുവാൻ കൺസൾട്ടൻസികൾക്ക് സാധിച്ചു. സ്‌പ്രിംഗ്‌ളർ , കെപിഎംജി, ടെറാനസ് , പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ , എയ്‌ഡ്‌കോം , തുടങ്ങി ഒട്ടനവധി വിദേശ കമ്പനികൾ ഇപ്പോൾ സിപിഎമ്മിന്റെ തണലിൽ കേരളത്തിൽ വേരുറപ്പിച്ചുകഴിഞ്ഞു.

കിറ്റ്കോ, കേപ് തുടങ്ങിയ നല്ല കൺസൾട്ടൻസി സ്ഥാപനങ്ങൾ നാട്ടിലുള്ളപ്പോഴാണ് അവരെയെല്ലാം ഒഴിവാക്കി വിദേശ സ്ഥാപനങ്ങൾക്ക് നമ്മുടെ വികസനമേഖല തീറെഴുതികൊടുക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ വിവിധ പ്രോജെക്റ്റുകൾക്ക് കൺസൾട്ടൻസിയായി കിറ്റ്കോയെ നിയമിക്കാറുണ്ട്. ഓരോ മന്ത്രിമാരും വിദേശയാത്ര കഴിഞ്ഞെത്തുന്നത് പല കമ്പനികളുടെയും കൺസൾട്ടൻസി കരാറുമായിട്ടാണ്.
കേരളത്തിലെ കഴിവുള്ള മാനേജ്മെന്റ് വിദഗ്ധർ ധാരാളമുണ്ട്. അവരുടെ പ്രതിഭയെ അംഗീകരിക്കാനും തദ്ദേശീയമായ കൺസൾട്ടൻസി
സംവിധാനം കെട്ടിപ്പടുക്കുവാനും ഈ വൈകിയ വേളയിലെങ്കിലും സർക്കാർ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

Related Articles

Back to top button