IndiaLatest

മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികം; രാജ്യത്തുടനീളം ഒരുമാസം നീളുന്ന പരിപാടികള്‍

“Manju”

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച്‌ ജൂണ്‍ 30നാണ് അവസാനിക്കുന്നത്. ക്യാമ്പെയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വമ്പന്‍ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും.

മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ 396 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ കേന്ദ്രമന്ത്രിയോ പാര്‍ട്ടിയുടെ ദേശീയ നേതാക്കളോ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കും.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും റാലിയിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ബി ജെ പിയുടെ മുഖ്യമന്ത്രിമാ‌ര്‍, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ക്കും റാലിയിലും പൊതുയോഗങ്ങളിലും ക്ഷണമുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെയും 250 കുടുംബങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷം കുടുംബങ്ങളുമായി നേതാക്കള്‍ സംവദിക്കും. കായികരംഗത്തുള്ളവര്‍, കലാകാരന്മാര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, പട്ടാളക്കാര്‍ എന്നിവരുടെ കുടുംബങ്ങളും സന്ദര്‍ശിക്കും.

മേയ് 29ന് രാജ്യത്തുടനീളം വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലായി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. പിന്നീടുള്ള രണ്ട് ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കും.

മൂന്ന് ഘട്ടമായി നടക്കുന്ന പരിപാടികളില്‍ ജൂണ്‍ ഒന്ന് മുതല്‍ 22വരെ മറ്റ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമുണ്ട്. ലോക്‌സഭാ മണ്ഡലങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍, പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന യോഗങ്ങള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്‌സുമായി കൂടിക്കാഴ്‌ച, ‘വികാസ് തീര്‍ത്ഥ്തുടങ്ങിയ പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടും.

ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികമായ ജൂണ്‍ 23ന് പത്ത് ലക്ഷം ബൂത്തുകളിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി മോദി ഓണ്‍ലൈനിലൂടെ സംവദിക്കും. ജൂണ്‍ 20 മുതല്‍ 30 വരെ വീടുവീടാന്തരമുള്ള പ്രചാരണം, ‘മിസ്‌ഡ് കോള്‍ ക്യാമ്ബെയിന്‍എന്നിവ നടത്തും. വമ്പന്‍ പ്രചാരണ പരിപാടികള്‍ക്ക് തയ്യാറെടുക്കാന്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ ഏകദിന യോഗം വിളിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രചാരണ സമിതിക്കായിരിക്കും പ്രചാരണ ചുമതല. പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ദേശീയ വൈസ് പ്രസിഡന്റുമാര്‍, ദേശീയ ജനറല്‍ സെക്രട്ടറിമാര്‍, അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരടങ്ങുന്ന രണ്ടംഗ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.

Related Articles

Back to top button