IndiaLatest

പഞ്ചാബ് സ്ഫോടനം; അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം കണ്ടെടുത്തു

“Manju”

ചണ്ഡീഗഡ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. കെട്ടിടത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഇത് കണ്ടെത്തിയത്. ഇത് റഷ്യന്‍ നിര്‍മിത റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍ പി ജി) 22 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ആയുധം കണ്ടെടുത്തത്. ഏകദേശം 80 മീറ്റര്‍ മാത്രം അകലെ നിന്നാണ് ഇത് കെട്ടിടത്തിലേക്ക് തൊടുത്തതെന്നാണ് പൊലീസ് ഇന്നലെ വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ ചെറിയ തരത്തിലുള്ള നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. സ്ഫോടനം നടത്താനായി അക്രമികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയെന്ന് സംശയിക്കുന്ന ഫരീദ്ഘോട്ട് സ്വദേശിയായ നിശാന്‍ സിംഗ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കാറിലെത്തിയ രണ്ട് പേരാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള രണ്ട് പേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികെയാണ്.

തിങ്കളാഴ്ച രാത്രി 7.45 ഓടെയായിരുന്നു സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഫോറന്‍സിക് വിദഗ്‌ദ്ധരും പരിശോധനകള്‍ നടത്തുകയാണ്. പഞ്ചാബിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മനും പ്രതികരിച്ചു.

Related Articles

Back to top button