KeralaKottayamLatest

കനത്ത മഴയിൽ കോട്ടയത്തു വ്യാപക നാശനഷ്ടങ്ങൾ ; ദുരിതാശ്വാസ ക്യാമ്പുകളും കണ്‍ട്രോള്‍ റൂമും തുറന്നു

“Manju”

സംസ്ഥാനത്തെ വിവിധ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം. മണർകാടിനു സമീപം വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു. ഒരു വീട് പൂർണമായും തകർന്നു. മൂന്ന് വീടുകൾക്ക് ഭാഗികമായി കേടു പാടുകൾ ഉണ്ടായി. തലനാരിഴക്ക് ആണ് ആളുകൾക്ക് രക്ഷപെട്ടത്. ആളപായം ഇല്ല.
ചുങ്കത്ത് വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുങ്കം കവലയിൽ പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേർന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേർന്ന് നിന്ന വൻമരമാണ് ഇന്ന് പുലർച്ചെ നിലം പൊത്തിയത്. ആളപയമില്ല. പകൽ ഏതു സമയവും തിരക്കേറിയ ജംഗ്ഷനാണിത്.

നഗരസഭ 49-ാം വാർഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചിൽ റിവർ റോഡ് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിൻ്റെ തീരത്തിലൂടെയുള്ള റോഡാണിത്.11കെവി വൈദ്യുതി ലൈൻ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാർ ആശങ്കയിലാണ്.
കോട്ടയത്ത് റെയിൽവേ പാളത്തിലും മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ചു.

പ്രകൃതിക്ഷോഭ ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപകടസാധ്യതയുള്ള മേഖലകളിലുള്ള ആറു കുടുംബങ്ങളിലെ 19 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മണര്‍കാട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 14 പേരും അയര്‍കുന്നം പുന്നത്തുറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലെ അഞ്ചു പേരുമാണുള്ളത്.
വിജയപുരം പഞ്ചായത്തില്‍ അപകട സാധ്യതാ മേഖലയിലുള്ള രണ്ടു കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. ദുരന്ത സാധ്യതയുള്ള കൂട്ടിക്കലിലെ വല്യേന്ത, കൊടുങ്ങ മേഖലകളില്‍ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അനൗണ്‍സ്‌മെന്റ് നടത്തി. ജനങ്ങള്‍ വീടു വിട്ടിറങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ കിടപ്പു രോഗികളെ കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങി. റവന്യു, ഫയര്‍ ഫോഴ്‌സ്, പൊലീസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.
ഫോണ്‍ നമ്പരുകള്‍ ചുവടെ
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം – 0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം -0481 2568007,
മീനച്ചില്‍ -048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037

Related Articles

Back to top button