InternationalLatest

അല്‍ ബെയ്ത് സ്​റ്റേഡിയത്തിനും പഞ്ചനക്ഷത്ര പദവി

“Manju”

ശ്രീജ.എസ്

അല്‍ഖോര്‍: 2022 ലോകകപ്പ് ചാമ്പ്യന്‍ഷിപ്പി ന്റെ ഉദ്ഘാടന വേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്​റ്റേഡിയത്തിന് ആഗോള സുസ്​ഥിരത പുരസ്​കാരം. ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള ആഗോള സുസ്​ഥിരത വിലയിരുത്തല്‍ സംവിധാനത്തിന്റെ പഞ്ചനക്ഷത്ര പദവിയാണ് സ്​റ്റേഡിയത്തെ തേടിയെത്തിയിരിക്കുന്നത്. 2022 ലോകകപ്പിനുള്ള വേദികളില്‍ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന രണ്ടാമത്തെ സ്​റ്റേഡിയമാണ് അല്‍ബെയ്ത്. നേരത്തേ എജുക്കേഷന്‍ സിറ്റി സ്​റ്റേഡിയവും ജി.എസ്.​എ.എസ്​ പഞ്ചനക്ഷത്ര പദവി നേടിയിരുന്നു. ലോകകപ്പിന്റെ മറ്റു വേദികളായ ഖലീഫ രാജ്യാന്തര സ്​റ്റേഡിയം, വക്റ അല്‍ ജനൂബ് സ്​റ്റേഡിയം എന്നിവക്ക് ചതുര്‍ നക്ഷത്ര പദവിയാണ് ലഭിച്ചിരിക്കുന്നത്. സുസ്​ഥിരതക്കും നിര്‍മാണം, രൂപരേഖ എന്നിവക്കുമുള്ള നിര്‍ണായകവും ഉന്നതവുമായ അംഗീകാരമാണ് അല്‍ബെയ്ത് സ്​റ്റേഡിയത്തിന് ലഭിച്ചത്.

സ്​റ്റേഡിയത്തിന് പുറമെയുള്ള ഇളം നിറങ്ങള്‍ ഉള്ളിലേക്കുള്ള ചൂട്​ കുറക്കും. ഇത്​ ശീതീകരണ സംവിധാനത്തെ കാര്യക്ഷമമാക്കും. അടക്കാനും തുറക്കാനും കഴിയുന്ന മേല്‍ക്കൂര ഊര്‍ജ ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കും. ടര്‍ഫിന്റെ വളര്‍ച്ചക്ക് സൂര്യപ്രകാശം നേരിട്ട് എത്തിക്കാനും സഹായിക്കും. 80 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസംസ്​കൃത വസ്​തുക്കളുപയോഗിച്ചാണ് സ്​റ്റേഡിയത്തിന്റെ നിര്‍മാണം. ഇതില്‍തന്നെ 20ശതമാനം റീസൈക്കിള്‍ചെയ്ത വസ്​തുക്കളുമാണ്​. പഞ്ചനക്ഷത്ര പദവി ലഭിച്ചതില്‍ അഭിമാനിക്കുന്നതായി സ്​റ്റേഡിയം മാനേജര്‍ ഡോ. നാസര്‍ അല്‍ ഹാജിരി പറഞ്ഞു. ഭീമന്‍ പദ്ധതിയുടെ ഭാഗമായ എല്ലാവരുടെയും ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്നും ലോകകപ്പി​ന്റെ ഉദ്ഘാടന മത്സരം നടക്കുന്ന വേദിയെന്ന സവിശേഷ പദവിയും സ്​റ്റേഡിത്തിനാണുള്ളതെന്നും ഡോ. അല്‍ ഹാജിരി പറഞ്ഞു. 2022 ലോകകപ്പിനായുള്ള അടിസ്​ഥാന സൗകര്യ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സുസ്​ഥിരത കൈവരിക്കുന്നതില്‍ സുപ്രീം കമ്മിറ്റി പുലര്‍ത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമായാണിത്​. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്​റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്​.

Related Articles

Back to top button