KeralaLatest

ഇന്ത്യയിൽ ആദ്യം നിരത്തിലിറക്കിയ ബെന്‍സ് ജിഎൽഇ കാർ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ

“Manju”

കോതമംഗലം• ഇന്ത്യയില്‍ ആദ്യമായി ഡെലിവറി നടത്തിയ ബെന്‍സ് ജിഎൽഇ സീരീസിലുള്ള കാര്‍ സ്വന്തമാക്കിയത് വിവാദ വ്യവസായി റോയി കുര്യനാണ്. എന്നാല്‍ അതിനു മുകളില്‍ കയറി റോ‍ഡ് ഷോ നടത്തിയതോടെ ബെന്‍സ് കാറിപ്പോള്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ കിടപ്പിലായി. റജിസ്ട്രേഷന്‍ പോലും കഴിയും മുന്‍പാണ് ആഡംബര കാറിന് ഈ ഗതികേട് വന്നത്.

ആറ് ടോറസ് ലോറികളുടെ അകമ്പടിയോടെ ബെൻസിനു മുകളിലേറി കോതമംഗലം നഗരത്തിലൂടെയുള്ള രാജകീയ യാത്രയായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ച. ആഡംബര വാഹന കമ്പക്കാരനായ വ്യവസായി റോയി കുര്യന്റെ ബെന്‍സ് ജിഎൽഇ സീരിസിലുള്ള എസ്‌യുവി വാങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളു. ഈ വാഹനം ഇന്ത്യന്‍ നിരത്തിലോടിച്ച ആദ്യ ഉടമ അതൊന്ന് നാട്ടുകാരെ കാണിക്കാന്‍ ഇറങ്ങിയതോടെയാണ് വെട്ടിലായത്.

ആഡംബരവാഹനത്തിന്റെ ഇന്നത്തെ കാഴ്ചയാകട്ടെ അതിദയനീയവും. നമ്പർ പോലും ലഭിക്കാത്ത ബെൻസുൾപ്പെടെ ഏഴ് വാഹനങ്ങളും പൊലീസ് സ്റ്റേഷനിലെ പിടിച്ചെടുത്ത മറ്റ് വാഹനങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു. തന്റെ പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ പൊലീസും,നാട്ടുകാരും തെറ്റിദ്ധരിച്ചതാണെന്ന് റോയി കുര്യന്‍ പറയുന്നു. എന്തായാലും നിരവധി ആഡംബരക്കാറുകള്‍ സ്വന്തമായുള്ള തനിക്ക് ഈ ബെന്‍സ് തിരക്കിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കേണ്ടതില്ലെന്നും റോയി കുര്യന്‍ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഇടുക്കി രാജാക്കാട് ബെല്ലി ഡാൻസും നിശാപാർട്ടിയും സംഘടിപ്പിച്ച വിവാദം കെട്ടടങ്ങും മുന്‍പാണ് റോയിയും കൂട്ടരും വീണ്ടും വിവാദത്തിൽ കുടുങ്ങിയത്.

Related Articles

Back to top button