IndiaLatest

കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ബിജെപി

“Manju”

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഏഴാം വാര്‍ഷികാഘോഷത്തിലൂടെ മറുപടി നല്‍കാനൊരുങ്ങി ബിജെപി. മെയ് 30 നാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തില്‍ ആഘോഷപരിപാടികള്‍ ഒന്നും പാടില്ല പകരം ജനങ്ങള്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

സാനിറ്റൈസര്‍, മാസ്ക്, ഓക്സിമീറ്റര്‍, റേഷന്‍ മുതലായവ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
കേന്ദ്രമന്ത്രിമാര്‍ക്കും ഇതുസംബന്ധിച്ച്‌ പ്രത്യേക നിര്‍ദേശം പാര്‍ട്ടി നല്‍കിക്കഴിഞ്ഞു. ഒരു കേന്ദ്രമന്ത്രി ചുരുങ്ങിയത് രണ്ടുഗ്രാമങ്ങളെങ്കിലും സന്ദര്‍ശിച്ചിരിക്കണം. നേരിട്ട് എത്താന്‍ അസൗകര്യമുളളവര്‍ ഓണ്‍ലൈന്‍ മുഖേന ഗ്രാമവാസികളുമായി സംവദിക്കണം. രാജ്യവ്യാപകമായി അന്‍പതിനായിരം രക്തദാനക്യാമ്പ് സംഘടിപ്പിക്കാനും പാര്‍ട്ടി പദ്ധതി ഇട്ടിട്ടുണ്ട്.

ഏഴാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പാര്‍ട്ടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മപദ്ധതികള്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച്‌ ദേശീയ -സംസ്ഥാന ഭാരവാഹികളുമായി നദ്ദ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു.

Related Articles

Back to top button