KeralaKottayamLatest

അപകടത്തിൽപെട്ട് അര മണിക്കൂറോളം വീണുകിടന്ന 2 യുവാക്കൾ രക്തം വാർന്നു മരിച്ചു

“Manju”

കോട്ടയം • ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ അര മണിക്കൂറോളം വീണുകിടന്ന 2 യുവാക്കൾ രക്തം വാർന്നു മരിച്ചു. ചാന്നാനിക്കാട് കണിയാന്മല തെക്കേപ്പറമ്പിൽ സുരേഷ്കുമാറിന്റെ മകൻ വേണു എസ്.കുമാർ (29), വേളൂർ മാണികുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആർ.ആദർശ് (24) എന്നിവരാണ് മരിച്ചത്. ആദർശ് സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന കാരാപ്പുഴ സ്വദേശി വിഘ്നേശ് (30) ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ്.

മുളങ്കുഴ – പാക്കിൽ റോഡിൽ കാക്കൂർ ജംക്‌ഷനു സമീപം കെടിഡിസി ഔട്ട്ലെറ്റിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. കണ്ടെയ്ൻമെന്റ് സോണായതിനാൽ രക്ഷാ പ്രവർത്തനം വൈകിയെന്നു പരാതിയുണ്ട്. സഹായം തേടി വാഹനങ്ങൾക്ക് കൈ കാട്ടിയെങ്കിലും പലരും നിർത്താതെ പോയി. റോഡിൽ ആളുകൾ കുറവായിരുന്നു. കോവിഡ് ജോലിയിലായിരുന്നതിനാൽ 108 ആംബുലൻസ് കിട്ടിയില്ല.

നാട്ടുകാരും പൊലീസും ചേർന്നണ് ആദർശിനെ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രാമധ്യേയാണ് അന്ത്യം. അൽപ സമയം കഴിഞ്ഞ് അഭയയുടെ ആംബുലൻസ് എത്തി. വേണുവിനെയും വിഘ്നേശിനെയും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവിനെ രക്ഷിക്കാനായില്ല.

മുളങ്കുഴ ഭാഗത്തു നിന്ന് വിഘ്നേശും ആദർശുമെത്തിയ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വേണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറ​ഞ്ഞു.ആദർശിന്റെ സംസ്കാരം ഇന്നു 3ന് വീട്ടുവളപ്പിൽ. വേണുവിന്റെ സംസ്കാരം പിന്നീട്. ആദർശിന്റെ മാതാവ്: ഉഷ, സഹോദരി നയന. വേണുവിന്റെ മാതാവ്: പനച്ചിക്കാട് പഞ്ചായത്ത് മുൻ അംഗം സലിജ. ഭാര്യ: ആതിര, മകൾ: നിവേദ്യ.

Related Articles

Back to top button