KeralaLatest

കുഞ്ചൻ ദിനം

“Manju”

കുഞ്ചൻ ദിനം

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്!. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവുമാണ് കുഞ്ചന്‍ നമ്പ്യാര്‍.

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനങ്ങള്‍ നിറഞ്ഞ കുഞ്ചന്‍ നമ്പ്യാരുടെ ശൈലി ഇന്നും ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യ വിമര്‍ശനരംഗത്ത് ഒരു മഹനീയ മാതൃകയായി നിലകൊള്ളുന്നു.

ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍.

സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ തന്നെ ആയിരിക്കണം എന്ന നിര്‍ബന്ധം നമ്പ്യാര്‍ക്കുണ്ടായിരുന്നു

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ,
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും’, എന്നാണ് നമ്പ്യാര്‍ പറഞ്ഞിരിക്കുന്നത്.
കുഞ്ചന്റെ പിതൃഗ്രഹം കിടങ്ങൂരില്‍ കല്ലമ്പള്ളി ഇല്ലമാണ്.

കവിയും തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മ ദിനമായ ഇന്ന് കുഞ്ചൻ ദിനമായി ആചരിക്കുമ്പോൾ കുഞ്ചൻ നമ്പ്യാരുടെ ബാല്യവും കൗമാരവും ചിലവിട്ട അച്ഛന്റെ നാടായ കിടങ്ങൂരിൽ കുഞ്ചനെ കുറിച്ചുള്ള ഓർമ്മകൾ പുനർജനിക്കുകയാണ്

കുഞ്ചൻ നമ്പ്യാരുടെ അച്ഛന്റെ ഇല്ലമാണ് കിടങ്ങൂരിലെ കല്ലമ്പള്ളി ഇല്ലം. ഇവിടെയാണ് കുഞ്ചൻ ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയത്. ആദ്യാക്ഷരം കുറിച്ചത് കുമ്മണ്ണൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും. 2000 വർഷം പഴക്കമുള്ള കുമ്മണൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇതിന്റെ സമീപമുള്ള വാര്യത്താണ് കുഞ്ചൻ ആദ്യാക്ഷരം കുറിച്ചത്. വാരിയം അടുത്തയിടെ പൊളിച്ചുകളഞ്ഞെങ്കിലും ക്ഷേത്ര പുനരുദ്ധാരണങ്ങൾക്ക് ശേഷം ഇപ്പോഴും പ്രൗഢിയോടെ നിലനിൽക്കുന്നു. കുട്ടികാലത്തെ ഈ ക്ഷേത്രത്തിലാണ് കുഞ്ചൻ നമ്പ്യാരെ അക്ഷരം പഠിപ്പിക്കാനായി ‘അരി’യിലിരുത്തിയതെന്നു മുത്തച്ഛൻ പറഞ്ഞത് ഓർത്തെടുക്കുകയാണ് ഇല്ലമ്പള്ളി കുടുംബാംഗമായ വി പി സഞ്ജീവ് നമ്പൂതിരി. ഈ ക്ഷേത്രത്തില്‍ വെച്ചാണ് കുഞ്ചന്‍ നമ്പ്യാര്‍ ആദ്യാക്ഷരം കുറിച്ചത് . മുറജപവും ഓത്തുമെലാം പഠിക്കാൻ പലദിക്കിൽ നിന്നുള്ള നമ്പൂതിരിമാർ ഇവിടെ എത്തിയിരുന്നു. ആദ്യാക്ഷരം കുറിക്കുന്നതിലും ഈ ക്ഷേത്രത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് കുഞ്ചൻ നമ്പ്യാരെ ഈ ക്ഷേത്രത്തിൽ തന്നെ അച്ഛൻ ‘അരിയിൽ’ ഇരുത്തിയത്. അദ്ദേഹത്തിന്റെ അച്ഛൻ ജീവിച്ചിരുന്ന ഇല്ലം കാലപ്പഴകത്തിൽ പൊളിച്ചു കളഞ്ഞു. എട്ടുകെട്ടായിരുന്നു അത്. അച്ഛൻ കിടങ്ങൂരിൽ നിന്ന് ശാന്തിക്കാരനായി കിള്ളിക്കുറിശ്ശി മംഗലത്തെ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. അവിടുത്തെ നമ്പ്യാർ മഠത്തിൽ നിന്ന് വിവാഹം കഴിച്ചതോടെയാണ് അവിടെ സ്ഥിരതാമസമാക്കിയത്.എ ന്നാൽ ബാല്യകാലത്ത് അച്ഛൻ തന്നെ നമ്പ്യാരെ സ്വന്തം തറവാട്ടിലിലേക്കു കൊണ്ടുപോന്നു എന്നാണ് കുടുംബത്തിലെ കാർണവർ പറഞ്ഞിരുന്നത്. കിടങ്ങൂരിൽ നമ്പ്യാര്‍ കുറച്ചുകാലം താമസിച്ചിരുന്നു.അതിനു ശേഷം അമ്പലപ്പുഴയിലും കുടമാളൂരിലും താമസിച്ചതായി പറയപ്പെടുന്നു. തുടർന്ന് അമ്പലപ്പുഴയിലും. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായാണ് അദ്ദേഹം അവിടെ കഴിഞ്ഞത്. ഇക്കാലത്താണ് അദ്ദേഹം തുള്ളൽ കൃതി രചിച്ചത് . ചാക്യാർകൂത്തിന് മിഴാവ് കൊട്ടലായിരുന്നു നമ്പ്യാരുടെ മറ്റൊരു കലാജീവിതം.

മിഴാവ് കൊട്ടികൊണ്ടിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തു വന്നു തന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു. അതിനു പകരം വീട്ടാന്‍ അടുത്ത ദിവസം നമ്പ്യാർ തന്നെ ആവിഷ്കരിച്ചു അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നു തുള്ളൽ. ചാക്യാർ കൂത്ത് അവതരിപ്പിച്ചപ്പോള്‍ നമ്പ്യാർ ഓട്ടം തുള്ളലും ആരംഭിച്ചുവെന്നും ഇതുകണ്ട് ആൾക്കാർ ഓടിക്കൂടി . ജനം നമ്പ്യാരുടെ പ്രകടനത്തിൽ വിസ്മയഭരിതരായെന്നും ചാക്യാർക്ക് വലിയൊരു തിരിച്ചടി നമ്പ്യാർ നൽകി എന്നതാണ് ഐതീഹ്യം .

എന്തായാലും മലയാളികളുടെ ആക്ഷേപഹാസ്യത്തിന്റെ ഊടും പാവും നൽകിയ മഹാനായ കുഞ്ചന്‍ നമ്പ്യാർ എക്കാലത്തും ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ആ ചരിത്ര പുരുഷന്റെ ജീവിതത്തിൽ കിടങ്ങൂരിനുള്ള സ്ഥാനമാണ് ഇപ്പോൾ കാലം മായ്ക്കാത്ത കാൽപാടായി തെളിഞ്ഞു വന്നിരിക്കുന്നത്. കുമ്മണ്ണൂരിൽ തന്നെ നാട്ടുകാരുടെയും കല്ലമ്പള്ളി ഇല്ലത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് കുഞ്ചൻ ദിനം ആചരിക്കുകയാണ്. നാടിന്റെ പുത്രനെ ഓര്മിക്കാനും തുള്ളൽ കലാകാരന്മാരെ ആദരിക്കുവാനും എല്ലാരും ഇവിടെ ഒത്തു ചേരും.

Related Articles

Leave a Reply

Back to top button