ErnakulamKeralaLatest

കോവിഡ് വ്യാപനത്തോടൊപ്പം കടൽക്ഷോഭവും; ചെകുത്താനും, കടലിനുമിടയിൽ ചെല്ലാനം.

“Manju”

ഷൈലേഷ്കുമാർ.കൻമനം.

കൊച്ചി: കോവിഡ് 19 രൗദ്രതാളമാടിക്കൊണ്ടിരിക്കുന്ന ചെല്ലാനത്ത് അപ്രതീക്ഷിതമായ വന്ന കടൽ ക്ഷോഭവും കൂടിയായപ്പോൾ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് തീരദേശവാസികൾ! കലി അടങ്ങാത്ത കടലിന്റെ കൂറ്റൻ തിരമാലകളിൽ നിന്ന് രക്ഷ നേടാനായി കയറിപ്പറ്റിയത്, പ്രായമായവരുൾപ്പടെ വീടുകളുടെ ടെറസുകൾക്കു മുകളിലായിരുന്നു. നട്ടുച്ച നേരത്ത് വീടിനുള്ളിൽ വെള്ളം കയറിയപ്പോൾ 87 വയസ്സുള്ള ഏലീശ്വയും ടെറസ്സിനെത്തന്നെ ശരണം പ്രാപിച്ചു.

ഓഖിക്കു ശേഷം വീണ്ടും ഇത്തവണയും തിരമാല തെങ്ങോളം ഉയർന്നു പൊങ്ങി. തിരമാലകളുടെ ശക്തിയിൽ വിടുകളിലേക്ക് ചെളി ഇരച്ചു കയറുന്നതിനാൽ പാചകം ചെയ്യാനും കഴിയില്ല. രാവിലെ തയാറാക്കിയ ഭക്ഷണമാണ് ഇവർ ടെറസിന് മുകളിൽ എത്തിച്ചു കഴിച്ചു കൊണ്ടിരിക്കുന്നത്.

തിരയെ പ്രതിരോധിക്കാനുള്ള കരിങ്കൽ ഭിത്തി ഇപ്പോഴും നിർമ്മിച്ചിട്ടില്ലാത്തതിനാൽ ചെല്ലാനത്തുകാർക്ക് മഴക്കാറ് കാണുമ്പോഴേ ഹൃദയതാളത്തിന്റെ വേഗതയും വർദ്ധിക്കുന്നു. അധികാരികളോട് അനവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

കൊറോണപ്പിടിയിലമർന്ന ചെല്ലാനത്ത് ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനും സാധ്യതയില്ലെന്നു വേണം കരുതാൻ. രോഗവ്യാപന ഭീഷണിയിൽ ഇവർക്ക് ബന്ധുവീട്ടിലും പോകാൻ കഴിയില്ല. കമ്പിനിപ്പടി, മാലാഖപ്പടി, കണ്ണമാലി, പുത്തൻതോട്, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി എന്നീ പ്രദേശങ്ങളിലെ സ്ഥിതി വളരെ രൂക്ഷമാണ്. അപകട സാധ്യതകൾ ഒഴിവാക്കാൻ പകൽ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. കണ്ണമാലി പോലീസ് രംഗത്തുണ്ട്.

 

Related Articles

Back to top button