ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ വമ്പന്‍ ടീമുകള്‍ക്ക് നല്ല ദിനം. സൂപ്പര്‍താരങ്ങളെല്ലാം ഗോള്‍ നേടിയ ദിനത്തില്‍ എല്ലാ ടീമുകളും അവരുടെ മത്സരങ്ങള്‍ ജയിച്ചുമുന്നേറി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലെവന്‍ഡോവ്സ്കിയുടെ ബയേണ്‍ മ്യൂണിച്ച്, ചെല്‍സി, യുവന്റസ് , വിയ്യാറല്‍ എന്നീ ടീമുകള്‍ ജയിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് അത്ലാന്റയെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സിയും ബയേണും എതിരാളികളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. യുവന്റസ് ഏക ഗോളിന് ജയിച്ചപ്പോള്‍ വിയ്യാറല്‍ 4-1നും ജയിച്ചു.ബാഴ്സയും സാല്‍സ് ബര്‍ഗും ജയിച്ചപ്പോള്‍ ഡോട്ട്മുണ്ടും മിലാനും തോല്‍വി ഏറ്റുവാങ്ങി.
ആവേശകരമായ പോരാട്ടത്തിലാണ് യുണൈറ്റഡ് കരുത്തരായ അത്ലാന്റയെ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ അവസാന നിമിഷത്തെ ഗോളാണ് മാഞ്ചസ്റ്ററിന് ജയം നല്‍കിയത്. യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്ഫോഡും ഹാരീ മഗ്വയിറും ഗോളുകള്‍ നേടിയപ്പോള്‍ അത്ലാന്റയ്ക്കായി മരിയോ പസാലിച്ചും മെറി ഡെമിറാലും ഗോളുകള്‍ നേടി. ചെല്‍സി തോല്‍പ്പിച്ചത് മാല്‍മോ ക്ലബ്ബിനേയാണ്. ജോറിനോയുടെ ഇരട്ടഗോളുകളാണ് ചെല്‍സിക്ക് മികച്ച ജയം സമ്മാനിച്ചത്. ആന്ദ്രിയാസ് ക്രിസ്റ്റിയന്‍ സെന്നും, കായ് ഹാവെര്ട്ട്സും ഗോളുകള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ ബെനഫിക്കക്കെതിരെ ബയേണിനായി ലെറോയ് സാനേ ഇരട്ട ഗോളു കളാണ് കരുത്തായത്. എവര്ട്ടണ് സൊവാരസിന്റെ സെല്‍ഫ് ഗോളും ലെവന്‍ഡോ വ്സ്കിയുടെ ഗോളും 4-0ന്റെ ജയം ജര്‍മ്മന്‍ ചാമ്ബ്യന്മാര്ക്ക് നല്കി. യുവന്റസിന് ജയം നല്കിയ ഏക ഗോള്‍ ഡീജാന്‍ കുലുസേവ്സ്കിയും ബാഴ്സയ്ക്ക് ജയം സമ്മാനിച്ച ഏക ഗോള്‍ ജെറാഡ് പിക്വേയുമാണ് നേടിയത്.