IndiaLatest

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഗോവ

“Manju”

പനാജി: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങുന്നു. ഈ മാസം 20 മുതല്‍ 28 വരെയാണ് ഐഎഫ്‌എഫ്‌ഐ മേള നടക്കുന്നത്. സ്റ്റുവാര്‍ട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രമാകും. റോബര്‍ട്ട് കൊളോഡിനിയുടെ അമേരിക്കൻ ചിത്രം ദ ഫെദര്‍ വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ഇരട്ട, ന്നാ താൻ കേസ് കൊട്, പൂക്കാലം, 2018, കാതല്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ ഫീച്ചര്‍ സിനിമയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ശേഖര്‍ കപൂറാണ് അന്താരാഷ്‌ട്ര മത്സര വിഭാഗം ജൂറിയുടെ ചെയര്‍മാൻ. മൊത്തം 270 മികച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

വെബ്‌സീരീസ് ചിത്രങ്ങള്‍ക്കും ഇക്കുറി അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. വിഖ്യാത ഹോളിവുഡ് താരവും നിര്‍മ്മാതാവുമായ മൈക്കിള്‍ ഡഗ്ലസ് ലോകസിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കും.

ഐഎൻഒഎക്സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎൻഒഎക്സ് പോര്‍വോറിം, ദ സ്വകയര്‍ സാമ്രാട്ട് അശോക് മുതലായവയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നഐഎഫ്‌എഫ്‌ഐ മേളയിലെ വേദികള്‍. എന്നാല്‍ ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്‌എഫ്‌ഐയുടെ ഭാഗമാകുന്നുണ്ടെങ്കിലും അക്കാദമിയില്‍ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നില്ല.

അതേസമയം ഇത്തവണയും നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചലച്ചിത്ര സംവാദങ്ങള്‍ക്ക് ഐഎഫ്‌എഫ്‌ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിള്‍ ഡഗ്ലസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചലച്ചിത്ര സംവാദങ്ങളുടെ ഭാഗമാകും. സാറാ അലി ഖാൻ, റാണി മുഖര്‍ജി, വിദ്യാ ബാലൻ, സണ്ണി ഡിയോള്‍, നവാസുദ്ദീൻ സിദ്ദിഖി, നസീറുദ്ദീൻ ഷാ, പങ്കജ് ത്രിപാഠി, ബോണി കപൂര്‍, മധുര് ഭണ്ഡാര്‍ക്കര്‍, ബ്രണ്ടൻ ഗാല്‍വിൻ, ബ്രിലാന്റേ മെൻഡോ, ജോണ്‍ ഗോള്‍ഡ്വാട്ടര്‍, വിജയ് സേതുപതി, മനോജ് ബാജ്പേയ്, കാര്‍ത്തികി ഗോണ്‍സാല്‍വസ്, അല്ലു അരവിന്ദ്, തിയോഡോര്‍ ഗ്ലക്ക്, ഗുല്‍ഷൻ ഗ്രോവര്‍ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകള്‍ ചര്‍ച്ചകളില്‍ അണിനിരക്കും.

Related Articles

Back to top button