കോവിന്റെ അതിവ്യാപന ഭീതി: സെപ്റ്റംബറില്‍ അഞ്ച് ജില്ലകളില്‍ പ്രത്യേക ജാഗ്രത
സിന്ധുമോള്‍ ആര്
തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപനം പ്രതീക്ഷിക്കുന്ന സെപ്റ്റംബറില്‍ അഞ്ച് ജില്ലകളില്‍ പ്രത്യേക ജാഗ്രത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് കൂടുതല്‍ പ്രതിരോധവും ശ്രദ്ധയും കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
നിലവിലെ രോഗപ്പകര്‍ച്ച സാഹചര്യങ്ങളും ലോകാരോഗ്യ സംഘടന കണ്ട്രി ഓഫിസ് ഫോര്‍ ഇന്ത്യയുടെ നിര്‍ദേശങ്ങളും (ഡബ്ല്യു.സി.ഒ) കണക്കിലെടുത്താണ് മുന്നൊരുക്കങ്ങള്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഇൗ ജില്ലകളില്‍ പ്രതിരോധവും പരിശോധനയും മുതല്‍ നിരീക്ഷണവും ചികിത്സയും വരെ ശക്തമാക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ (സി.എഫ്.എല്‍.ടി.സി) കിടക്കകളുടെയും മറ്റ് സൗകര്യങ്ങളുടെയും കണക്കെടുപ്പ് നടത്തി ആവശ്യമായവ വര്‍ധിപ്പിക്കും.
ഇൗ മാസം 10 വരെയുള്ള കണക്കനുസരിച്ച് കാസര്‍കോട് ജില്ലയിലെ ആകെ സി.എഫ്.എല്‍.ടി.സികളിലെ 72 ശതമാനവും തിരുവനന്തപുരത്ത് 55 ശതമാനം കിടക്കകളും നിറഞ്ഞിട്ടുണ്ട്. എറണാകുളത്ത് 54 ശതമാനവും. അതേസമയം, മറ്റ് രണ്ട് ജില്ലകളില്‍ കിടക്കകള്‍ പ്രശ്നമാകില്ല. മലപ്പുറത്ത് 67 ശതമാനം കിടക്കകളും കോഴിക്കോട്ട് 68 ശതമാനവും ഇപ്പോള്‍ ഒഴിവുണ്ട്. കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയത്തില്‍ കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ കണക്കുകള്‍ നെഞ്ചിടിപ്പേറ്റുന്നതാണ്.
കാസര്‍കോട്ട് 11 ദിവസം കൊണ്ടാണെങ്കില്‍ തലസ്ഥാന ജില്ലയില്‍ 15 ദിവസം കൊണ്ടാണ് രോഗികള്‍ ഇരട്ടിയാകുന്നത്. സമ്ബര്ക്കപ്പകര്ച്ച, ക്ലസ്റ്ററുകള്‍, കോവിഡ് മരണങ്ങള്, ആരോഗ്യ പ്രവര്‍ത്തകരിലെ കോവിഡ് ബാധ എന്നിവയിലെല്ലാം തലസ്ഥാന ജില്ലയാണ് മുന്നില്‍.
പ്രത്യേകം ശ്രദ്ധയൂന്നുന്ന അഞ്ച് ജില്ലകളില്‍ നാലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും മുന്നിലാണ്. എത്ര ടെസ്റ്റ് നടത്തുമ്പോള്‍ എത്രപേര്‍ക്ക് പോസിറ്റിവാകുന്നെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിശ്ചയിക്കുന്നത്. ഇതിന്റെ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകണമെന്നതാണ് മാനദണ്ഡം.
അതേസമയം തിരുവനന്തപുരത്ത് 9.2 ശതമാനവും എറണാകുളത്ത് 8.3 ശതമാനവും മലപ്പുറത്ത് 10.3 ശതമാനവും കാസര്‍കോട്ട് 10.1 ശതമാനവുമാണ് ഇപ്പോഴത്തെ നില. പരിശോധന വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കുകൂടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വിരല്‍ ചൂണ്ടുന്നത്.