KeralaLatest

ഹൃദയ ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടിയ വീട്ടമ്മയ്ക്ക് സഹായവുമായി എം.എ.യൂസഫലി

“Manju”

അനൂപ്

മാവേലിക്കര: ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കായി സഹായം തേടിയ യുവതിക്ക് ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. തഴക്കര ഇറവങ്കര കൈലാസ് ഭവനിൽ ശിവനാഥന്റെ ഭാര്യ രാജമ്മയ്ക്കാണ് ശസ്ത്രക്രിയയ്ക്കുള്ള തുക ആശുപത്രിയിൽ അടച്ചത്. കഴിഞ്ഞ ഏപ്രിലിൽ ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സ തേടിയപ്പോഴാണ് വാൽവിന് തകരാറാണെന്നുള്ള വിവരമറിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് 5 ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെങ്കിലും ഇത്രയും പണം കണ്ടെത്താൻ നിർദ്ധന കുടുംബത്തിന് കഴിയുമായിരുന്നില്ല.

ഇതിനിടെ വിദഗ്ദ്ധ പരിശോധനയ്ക്ക് എറണാകുളം ലിസി ആശുപത്രിയിൽ എത്തിയതോടെ ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. മാദ്ധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ.യൂസഫലി ഇവർക്ക് ചികിത്സയ്ക്ക് ആവശ്യമായ തുക ലിസി ആശുപത്രിയിൽ അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയിൽ പണം അടച്ച രേഖകൾ കഴിഞ്ഞ ദിവസം രാജമ്മയുടെ വീട്ടിലെത്തി ലുലു ഗ്രൂപ്പ് മിഡീയ കോഓഡിനേറ്റർ എൻ.ബി.സ്വരാജ് കൈമാറി. അടുത്ത ദിവസം തന്നെ രാജമ്മയുടെ ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ നടത്തും.

Related Articles

Back to top button