KeralaLatestThiruvananthapuram

ഇടുക്കിയിലേക്ക്​ അന്തര്‍ സംസ്ഥാന തൊഴിലാളി പ്രവാഹം

“Manju”

കുമളി: കോവിഡ് ജാഗ്രത തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്​ തൊഴിലാളികളെ കൂട്ടത്തോടെ ഇടുക്കിയിലേക്ക് എത്തിക്കുന്നു. കുമളിയിലെ കോവിഡ് ജാഗ്രത സെന്റര്‍ വഴി ഓരോ ദിവസവും 100-200 തൊഴിലാളികളാണ് ജില്ലയിലെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല പ്രദേശങ്ങളിലേക്ക് പോകുന്നത്. മധ്യപ്രദേശില്‍നിന്നുള്ളവരാണ് വരുന്നവരില്‍ ഏറെയും. പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ളവരും കുടുംബസമേതം ഇടുക്കിയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ അയ്യായിരത്തിലേറെ പേര്‍ ജില്ലയിലെ ഏലത്തോട്ടം മേഖലയില്‍ എത്തി​യെന്ന് അധികൃതര്‍ പറയുന്നു. കമീഷന്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ എത്തിച്ചുനല്‍കുന്ന സംഘമാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന്​ വാഹനവുമായെത്തി തൊഴിലാളികളെ കൊണ്ടുവരുന്നത്. ആളൊന്നിന് 10,000 മുതല്‍ മുകളിലേക്കുള്ള തുകയാണ് ഏജന്‍റുമാര്‍ തോട്ടം ഉടമകളില്‍നിന്ന്​ ഈടാക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇങ്ങനെ എത്തുന്ന തൊഴിലാളികള്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കിയാണ് കുമളിയിലെ ജാഗ്രതകേന്ദ്രത്തില്‍നിന്ന്​ അയക്കുന്നത്. ഇതുസംബന്ധിച്ച്‌ തോട്ടം ഉടമയില്‍നിന്ന്​ എഴുതിവാങ്ങുകയും ചെയ്യും. എന്നാല്‍, തോട്ടത്തിലെത്തുന്ന തൊഴിലാളികള്‍ നാട്ടുകാര്‍ക്കൊപ്പം പി​റ്റെദിവസം മുതല്‍ പണിക്കിറങ്ങുന്നതായാണ് വിവരം. കോവിഡ് വ്യാപനം തടയുന്നതിന്​ സര്‍ക്കാര്‍ സജീവമായി ഇടപെടുന്നതിനിടെയാണ് രോഗവ്യാപനമുള്ള മേഖലകളില്‍നിന്ന്​ ഏജന്‍റുമാര്‍ വഴി ജില്ലയിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത്​.

Related Articles

Back to top button