IndiaKeralaLatestThiruvananthapuram

ഇന്ന് നവപൂജിതം, ഗുരുവിന്റെ 94-ാംമത് ജന്മദിനപൂജിത സമര്‍പ്പണം

“Manju”

ഇന്ന് നവപൂജിതം,

ഗുരുവിന്റെ 94-ാംമത് ജന്മദിനപൂജിത സമര്‍പ്പണം

മാന്യവായനക്കാര്‍ക്ക് നവപൂജിതം ആശംസകള്‍

പോത്തന്‍കോട് : ഇന്ന് ശാന്തിഗിരി ആശ്രമ പരമ്പര നവപൂജിതം ആഘോഷിക്കുകയാണ്. “എന്റെ എല്ലാ കാര്യങ്ങളും എല്ലാവരേയും അറിയിച്ച് എല്ലാവരും ചേര്‍ന്ന് ചെയ്യണം എന്നാണ് ഗുരു അരുളിച്ചെയ്തിട്ടുള്ളത്. എല്ലാവര്‍ഷവും ഗുരുവാണിയെ അന്വര്‍ത്ഥമാക്കുന്നവിധം ജാതി മത വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമോ വലിപ്പ ചെറുപ്പമോ ഒന്നുമില്ലാതെ എല്ലാവരും ഏകോദരസഹോദരരായിട്ടാണ് ഗുരുജയന്തി ആഘോഷിക്കാറുള്ളത്. 2020 മാര്‍ച്ച് മുതല്‍ കോവിഡ് 19 മഹാമാരി നമ്മുടെ രാജ്യത്തേയും കീഴടക്കിയതിനാല്‍ നാമെല്ലാവരും ലോക് ഡൌണിലും, അതിനോടനുബന്ധിച്ചുള്ള ക്വാറന്റൈനിലും, ഹോട്ട് സ്പോട്ടിലുമൊക്കെയായി ജീവിക്കുന്നതിനാല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ആഘോഷങ്ങള്‍ നടത്താനാവുകയുള്ളൂ. എങ്കിലും പരാമാവധി എല്ലാവരിലും ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ആശ്രമ ചടങ്ങുകള്‍ എത്തിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സൌകര്യം ഒരുക്കിയിട്ടുണ്ട്. ആശ്രമം ഉള്‍പ്പെടുന്ന ശാന്തിഗിരി പൂലന്തറ തീപ്പുകല്‍ ഗ്രാമങ്ങള്‍ അടുത്തകാലത്തായി കോവിഡ് 19 സ്ഥിരീകരിച്ച പത്തോളം രോഗികള്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ ക്വാറന്റൈന്‍ പ്രദേശമാണ്. പ്രാര്‍ത്ഥനാസങ്കല്പങ്ങളിലൂടെ ആശ്രമ ചടങ്ങുകളില്‍ പങ്കാളികളായി എല്ലാവര്‍ക്കും ഗുരുകാരുണ്യം പ്രാപ്തമാകട്ടെ എന്ന് ഈ അവസരത്തില്‍ ആശംസിക്കുന്നു.

പൊന്നിന്‍ ചിങ്ങമാസത്തിലെ ചോതി നക്ഷത്രത്തില്‍ 1927 സെപ്തംബര്‍ ഒന്നിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലുള്ള ചന്ദിരൂര്‍ ഗ്രാമത്തിലാണ് ഗുരു ഭൂജാതനായത്.

ആ സുദിനത്തെ നവപൂജിതംഎന്നാണ് ദൈവസങ്കല്പത്തില്‍ വിശേഷിപ്പിക്കുന്നത്. ഗുരുവിന്റെ 94-ാം മത് ജന്മദിനം ആഗസ്റ്റ് 24 ന് കാലഘട്ടത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും പ്രാര്‍ത്ഥനാ നിര്‍ഭരമായി ശാന്തിഗിരി പരമ്പര ആഘോഷിക്കുന്നു. സാധാരണക്കാരായ ശ്രീമാന്‍ ഗോവിന്ദനും ശ്രീമതി കാര്‍ത്ത്യായനിയും ആയിരുന്നു ഗുരുവിന്റെ മാതാപിതാക്കള്‍. ഗുരു ജന്മനാ ജ്ഞാനിയായിരുന്നു.

ഗുരുവിനെ പ്രസവിച്ച സമയത്ത് ആ ചെറ്റക്കുടിലിന്റെ മൂലയില്‍ മങ്ങിയ വെളിച്ചം പരത്തി കത്തിക്കൊണ്ടിരുന്ന വിളക്കിനെക്കുറിച്ച് ഗുരു പില്‍ക്കാലത്ത് ഓര്‍മ്മിക്കുമായിരുന്നു. ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞിന് കരുണാകരന്‍ എന്നാണ് പേരിട്ടതെങ്കിലും കരുണന്‍ കുഞ്ഞ് എന്നു വിളിക്കാനായിരുന്നു എല്ലാവര്‍ക്കുമിഷ്ടം. കരുണന്‍ കുഞ്ഞിന് ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ ഈ ലോകത്തോടു വിടപറഞ്ഞു.

സാധുവായിരുന്ന മാതാവ് അച്ഛനില്ലാത്ത കുഞ്ഞിനെവളര്‍ത്തിയെടുക്കുവാനായി ഒരുപാടു വഷമിക്കേണ്ടി വന്നു. മറ്റു കുട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു കരുണന്‍ കുഞ്ഞ്. ആരോടും അധികം കൂട്ടുകൂടുവാനോ, കളിക്കുവാനോ ഒന്നും പോകാതെ എപ്പോഴും ചിന്താമഗ്നനായിരിക്കും. കൂടുതല്‍ സമയവും ധ്യാനനിരതനായിരിക്കുവാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കുറച്ച് സമയം വീടിന് മുന്‍ ഭാഗത്തുള്ള കായലിന്റെ കരയില്‍ വെള്ളത്തിലേക്കു ചാഞ്ഞു കിടന്ന ഒരു തെങ്ങില്‍ചാരി വിദൂരതയിലേക്ക് നോക്കി നില്‍ക്കും. ഒരു ഏകാന്ത ധ്യാനം പോലെ.

ആരോടും സംസാരിക്കാത്ത പ്രകൃതം കാരണം എല്ലാവരും കരുതിയത് ഈ കുട്ടി ഊമയായിരിക്കുമെന്നാണ്. എന്നാല്‍ ജനിച്ച സമയം മുതല്‍ കുഞ്ഞിന്റെ ഹൃദയത്തിനുള്ളില്‍ പ്രകാശോജ്വലമായ ഒരു മുഖം തെളിഞ്ഞു കണ്ടിരുന്നു. ആ രുപത്തോട് മാത്രമേ കുഞ്ഞ് സംസാരിക്കൂ. ആ രൂപം പറയുന്നത് മാത്രമേ കേള്‍ക്കുവാനും കഴിഞ്ഞിരുന്നുള്ളൂ. ആദ്യകാലത്ത് കുഞ്ഞ് വിചാരിച്ചിരുന്നത് എല്ലാവര്‍ക്കും ഇപ്രകാരമാകുമെന്നായിരുന്നു. എന്നാല്‍ കൂട്ടുകാരില്‍ നിന്നുമാണ് തനിക്കുമാത്രമാണതിന് കഴിഞ്ഞിരുന്നതെന്ന് പിന്നീട് കരുണന്‍ കുഞ്ഞ് മനസ്സിലാക്കിയത്.

നിലത്തെഴുത്തു കളരിയില്‍ മാത്രമേ കരുണന്‍ കുഞ്ഞിനു പോകാനും പഠിക്കാനും കഴിഞ്ഞിരുന്നുള്ളൂ. കുട്ടിക്കാലത്തുതന്നെ മനുഷ്യജീവിതത്തെക്കുറിച്ചും കഷ്ടപ്പാടുകളേക്കുറിച്ചും ദുരിതങ്ങളേക്കുറിച്ചുമൊക്കെ ചിന്തിക്കുമായിരുന്നു. അതിനുള്ള കാരണം തേടിയുള്ള ചിന്ത മനസ്സിനെ മഥിക്കുവാന്‍ തുടങ്ങി. ലൌകീക ജീവിതം ത്യജിച്ച് സന്യാസിയാകാനുള്ള ത്വര മനസ്സില്‍ നിറഞ്ഞു തുടങ്ങി. പത്തു വയസ്സുമുതല്‍ ഈ ആഗ്രഹം കലശലായി മാറി. പതിനാലാമത്തെ വയസ്സില്‍ ഒരു ദിവസം രാത്രിമുഴുവന്‍ വീടിനടുത്തുള്ള ഒരു ഭജനപ്പുരയുടെ തിണ്ണയില്‍ ഉറങ്ങാതെ അസ്വസ്ഥമായ മനസ്സുമായി കഴിച്ചുകൂട്ടി. വെളുപ്പിന് തന്നെ നിലത്തെഴുത്താശാന്റെയടുത്തു ചെന്നിട്ട് ആശോനോട് ആവശ്യപ്പെട്ടു. “ ആശാനെ .. എന്നെ ഏതെങ്കിലുമൊരാശ്രമത്തില്‍ കൊണ്ടാക്കണം. എനിക്കൊരു സന്യാസിയായി ജിവിക്കാനാണിഷ്ടംഎന്നു പറഞ്ഞു.

കുഞ്ഞുപ്രായം മുതല്‍ കരുണന്‍ കുഞ്ഞിനെ വ്യക്തമായി അറിയാവുന്ന ആശാന്‍ മറുത്തൊന്നും ചിന്തിക്കുകയോ വീട്ടുകാരോടുപോലും വീട്ടുകാരോടുപോലും ആലോചിക്കുകയോ ചെയ്യാതെ കരുണന്‍ കുഞ്ഞിനെ ആലുവ അദ്വൈതാശ്രമത്തില്‍ കൊണ്ടുചെന്നാക്കി. അവിടെ മൂന്നു വര്‍ഷക്കാലം ആശ്രമ കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നതിനൊപ്പം തന്നെ ജനിച്ചപ്പോള്‍ മുതല്‍ തന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതും തനിക്ക് അറിവ് പകര്‍ന്നു തരുന്നതുമായ ആ പ്രകാശരൂപത്തേയും ആത്മീയ അനുഭവങ്ങളേയും കുറിച്ചുള്ള അന്വേഷം തുടര്‍ന്നുകൊണ്ടേയിരുന്നു. ആര്‍ക്കും അത്തരമൊരനുഭവമോ അറിവോ ഇല്ലാതിരുന്നതിനാല്‍ അന്വേഷിച്ചവരെല്ലാം കൈമലര്‍ത്തി.

ഇതുപോലൊരു ജ്ഞാനാനുഭവം ഇല്ലായിരുന്നതിനാല്‍ അതേക്കുറിച്ചൊന്നും വിശദീകരിക്കുവാന്‍ അവര്‍ക്കാര്‍ക്കും തന്നെ കഴിഞ്ഞില്ല.

ആ ആത്മീയാന്വേഷണം അനസ്യൂതം തുടരുകയും അവസാനം തിരുവനന്തപുരത്തു ബീമാപ്പള്ളി കടപ്പുറത്തു വച്ചു അനുഭവജ്ഞാനമുള്ള ഖുറേഷി ഫക്കീര്‍ എന്നു വിളിക്കുന്ന ഒരു സൂഫി സന്യാസിയെ കണ്ടെത്തുകയും ചെയ്തു.

അദ്ദേഹം ഗുരുവിന്റെ മഹത്വം മനസ്സിലാക്കുകയും നീ ഇതിനവകാശിയാണ് എന്നു മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ട് തന്റെ വല്‍സല ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു.

കുറച്ചു വര്‍ഷങ്ങള്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞപ്പോള്‍ ഫക്കീര്‍ സ്വാമികള്‍ തന്നെ പറഞ്ഞു. “കരുണാകരാ എനിക്കു പകര്‍ന്നു തരാനുള്ള അറിവുകളെല്ലാം ഞാന്‍ തന്നു കഴിഞ്ഞു.. നീ വലിയവനാണ്.. ഏറ്റവും വലിയവന്‍.. നിനക്കു തരാനുള്ളതെല്ലാം ദൈവം നേരിട്ട് തന്നുകൊള്ളും“. എന്നുപറഞ്ഞനുഗ്രഹിച്ച് തിരിച്ചയച്ചു.

ഗുരു തിരികെ വര്‍ക്കലയിലെത്തി ശിവഗിരിയ്ക്കടുത്തൊരു കൊച്ചുകുടില്‍ കെട്ടിയുണ്ടാക്കി അതില്‍ വസിക്കുകയും തന്റെ ധ്യാനം തുടരുകയും ചെയ്തു. നിരവധിയാളുകള്‍ തങ്ങളുടെ ആത്മശാന്തിയ്ക്കായി ഗുരുസാമീപ്യം ആഗ്രഹിച്ച് ഗുരുവിനെത്തേടി എത്തിക്കൊണ്ടേയിരുന്നു. അത്ഭുതങ്ങളോ, സിദ്ധിജാലങ്ങളോ ഒന്നും ഗുരുകാണിച്ചില്ല. അവര്‍ക്കെല്ലാം ഈശ്വരനില്‍ നിന്നും തനിക്കു കിട്ടുന്ന അറിവുകള്‍ പകര്‍ന്നുകൊടുത്തു. അതെല്ലാം അവരുടെ ജീവിതാനുഭവമായി മാറി. അവര്‍ ഗുരുവിനെ പിന്‍പറ്റിനില്‍ക്കുവാന്‍ തുടങ്ങി.

THE WHITE LOTUS BLOOMING IN WHITE MARBLE | Parnasala Dedication

1964 ല്‍ ഗുരു പോത്തന്‍കോട് എന്നു വിളിക്കുന്ന കാടുപിടിച്ചു കിടന്ന പ്രദേശത്തെത്തി മരക്കമ്പു കുത്തി ഓലകെട്ടി പുല്ല് മേഞ്ഞ് ഒരു ചെറിയ കുടില്‍ കെട്ടിയുണ്ടാക്കി താമസമായി. വര്‍ക്കലിയില്‍ നിന്നും പോത്തന്‍കോട്ടേക്ക് ഗുരു പോരുന്നതും ദൈവീകമായി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. അവിടേക്കും ജനങ്ങള്‍ ഒഴുകിയെത്തുവാന്‍ തുടങ്ങി. മനുഷ്യന്റെ പ്രധാന ആവശ്യം ഭക്ഷണവും മരുന്നും ആത്മശാന്തിയുമാണെന്ന് ഗുരുവിന് അറിയാമായിരുന്നു. അന്നദാനവും, ആതുരശുശ്രൂഷയും, ആത്മബോധനവും ഗുരു അങ്ങനെ ശാന്തിഗിരിയുടെ മൂന്ന് പ്രധാന അടിസ്ഥാന പ്രമാണങ്ങളായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. വിശന്ന് വലയുന്നവന് ആഹാരം, രോഗിയായെത്തുന്നവര്‍ക്ക് ശുശ്രൂഷ., മനശാന്തി തേടിയെത്തുന്നവര്‍ക്ക് ആത്മജ്ഞാനം ഗുരുപകര്‍ന്നു നല്‍കി. ഗുരുവിനെ കാണാനെത്തിക്കൊണ്ടിരുന്നവര്‍ കൂടിവന്നപ്പോള്‍ അത് ഒരു മഹാപ്രസ്ഥാനമായി മാറി. ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം ആ ഓലക്കുടിലിന്റെ എളിമയില്‍ നിന്നായിരുന്നു.

ഗുരുവിന്റെ ജീവിത കാലമത്രയും കഷ്ടപ്പാടുകളുടേതായിരുന്നു. സ്വയമെരിയുന്ന കനലായി ജീവിച്ചുകൊണ്ട് ഗുരു ലോകത്തിന് വെളിച്ചം പകര്‍ന്നു.

1999മെയ് 6 ന് ഗുരുവിന്റെ ദേഹവിയോഗം സംഭവിച്ചു.

ആ ദിനത്തെ നവഒലി ജ്യോതിര്‍ദിനംഎന്ന് അറിയപ്പെടുന്നു.

ഗുരുവിന്റെ ദേഹവിയോഗത്തിനുശേഷം ഗുരുവിന്റെ ജ്ഞാനാനുഭവം പൂര്‍ണ്ണഭാവത്തില്‍ പകര്‍ന്നു കിട്ടിയ അഭിവന്ദ്യ ശിഷ്യപൂജിതയിലൂടെ ശാന്തിഗിരി പരമ്പര മുന്നോട്ട് നയിക്കപ്പെടുന്നു.

ഗുരുവിന്റെ ജനദിന സുദിനമായ ഈ നവപൂജിത സുദിനത്തില്‍ ലോക നന്മയ്ക്കായി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. സ്വയം എല്ലാം തികഞ്ഞവരെന്ന് കരുതി കഴിഞ്ഞ ജനനതതിയ്ക്ക് മുന്നില്‍ ഒന്നുമല്ലയെന്ന് ഒരരൂപിയായ കൊറോണ കാട്ടിക്കൊടുത്തിരിക്കുന്നു. നമുക്ക് സ്വയം അപഗ്രഥിക്കുവാനും തിരുത്തുവാനും മുന്നേറുവാനുമുള്ള കഴിവ് ഉണ്ടാകുവാന്‍ ഈ നല്ലനാളുകളില്‍ പ്രാര്‍ത്ഥിയ്ക്കുകയും പ്രത്യാശിക്കുകയും ചെയ്യാം.

Related Articles

Back to top button