IndiaLatest

കിഡ്നി വില്‍ക്കാന്‍ പരസ്യം നല്‍കി യുവാവ്

“Manju”

സിന്ധുമോൾ. ആർ

കാശ്മീര്‍: 91 ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെ കിഡ്നി വില്‍ക്കാന്‍ തയാറായി കശ്മീരി യുവാവ്. കുല്‍ഗാം സ്വദേശിയായ 28കാരനാണ് കിഡ്നി വില്‍ക്കാനുണ്ടെന്ന് പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കിയത്. കുല്‍ഗാം ഖാസിഗുണ്ടിലെ സബ്സര്‍ അഹമ്മദ് ഖാന്‍ എന്ന യുവാവാണ് സാഹസത്തിന് മുതിര്‍ന്നത്. ”എന്റെ ബിസിനസ് എല്ലാം തകര്‍ന്നു. എന്റെ കിഡ്നി വില്‍ക്കാന്‍ ആഗ്രഹിക്കുന്നു. 90ലക്ഷത്തില്‍ അധികം രൂപയുടെ കടബാധ്യതയുണ്ട്. കിഡ്നി ആവശ്യമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടൂ”- കാര്‍ ഡീലറായി ജോലി നോക്കുന്ന യുവാവ് പരസ്യത്തില്‍ പറയുന്നു.

ഗവണ്‍മെന്റ് അംഗീകൃത കരാറുകാരനായിരുന്ന ഖാന്റെ സാമ്പത്തിക നില തെറ്റിയത് അടുത്തിടെ രണ്ട് ലോക്ക് ഡൗണുകള്‍ വന്നതോടെയാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ ലോക്ക്ഡൗണ്‍. കോവിഡ് കാലത്തായിരുന്നു രണ്ടാമത്തെ ലോക്ക്ഡൗണ്‍. ഖാന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. 61 ലക്ഷം ബാങ്കില്‍ കടമുണ്ട്. ആളുകളില്‍ നിന്ന് വാങ്ങിയ 30 ലക്ഷവും തിരിച്ചുകൊടുക്കാനുമുണ്ട്.

കിഡ്നി വില്‍ക്കാന്‍ തീരുമാനിച്ച കാര്യം കുടുംബത്തെ അറിയിച്ചിരുന്നതായും ഖാന്‍ പറയുന്നു. തൊഴിലാളിയായ ഇളയ സഹോദരന്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. പരസ്യം വന്നതിന് പിന്നാലെ നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചതായും ഖാന്‍ തുറന്നുപറയുന്നു. ഒരാള്‍ 20 ലക്ഷവും മറ്റൊരാള്‍ 25 ലക്ഷവുമാണ് വാഗ്ദാനം ചെയ്തത്. ഈ ഓഫറുകള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഖാന്‍ പറയുന്നു. ഏറ്റവും മികച്ച തുക തന്നെ നേടിയെടുക്കുന്നതിന് വിലപേശല്‍ നടത്തുമെന്നും യുവാവ് പറയുന്നു.

Related Articles

Back to top button