KeralaLatest

ഇന്ന് ക്രിസ്തുമസ്, എല്ലാ മാന്യ വായനക്കാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

“Manju”

ഇന്ന് ക്രിസ്തുമസ്, എല്ലാ മാന്യ വായനക്കാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

കഴിഞ്ഞ ക്രിസ്തുമസിനും പുതുവര്‍ഷപ്പിറവിയ്ക്കും ശേഷം ലോകത്തിന്റെ ഒരു കോണില്‍ നിന്ന് മറുകോണിലേക്ക് എന്ന നിലയില്‍ വ്യാപിച്ച് ലോകത്തെയാകെ ഗ്രസിച്ച് കോവിഡ്- 19 എന്ന മഹാമാരി എല്ലാവരെയും പുതിയ ഒരു ജീവിതരീതിയിലേക്ക് എത്തിച്ചു. എല്ലാവരേയും വൃത്തിയും ശുദ്ധിയും പഠിപ്പിച്ചു. അലഞ്ഞുതിരിഞ്ഞുനടന്നവരെ ഒരിടത്തിരുത്തി. കൂട്ടംചേരുന്നതിനും ആഘോഷങ്ങള്‍ക്കും ധൂര്‍ത്തിനും ഒക്കെ ഒരു പരിധിവേണമെന്ന്  നാമറിയാതെ നമ്മിലേക്ക് അറിവെത്തിച്ചു.  ആരും വ്യത്യസ്തരല്ല, മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇല്ല., ഏവരും ഒരു കുലമാണെന്ന് ഓര്‍മ്മിപ്പിച്ചു. അതെ കോവിഡ് നമ്മെ അതെല്ലാം അറിയിച്ചില്ലെന്ന് അല്ലെങ്കില്‍ പഠിപ്പിച്ചില്ലെന്ന് പറയാതെ വയ്യ. ഇപ്പോള്‍ മൂര്‍ദ്ധന്യാവസ്ഥയും കടന്ന്  ഇനി എങ്ങോട്ട് എന്ന് നോക്കി നില്‍ക്കുന്ന സമയത്താണ് വീണ്ടും ഒരു ക്രിസ്തുമസ് കൂടി സമാഗതമാകുന്നത്.

ഈ ക്രിസ്തുമസും തുടര്‍ന്ന് വരുന്ന പുതുവത്സരവും ലോകത്ത് നിന്നും കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞ് വീണ്ടും പഴയ ജീവിതക്രമത്തിലേക്ക്  എത്തിച്ചേരുവാന്‍  ഏവര്‍ക്കും അനുഗ്രഹദായകമാകട്ടെ എന്ന് ആശംസിക്കുന്നു. ശാന്തിഗിരി ന്യൂസിന്റെ എല്ലാ മാന്യവായനക്കാര്‍ക്കും ഉണ്ണിയേശുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍.

ക്രിസ്തുമസ് അഥവാ നത്താൾ ദിനത്തില്‍ ലോകഗുരുവായ യേശു ക്രിസ്തുവിന്റെ ജനനമാണ്‌  അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബര്‍ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

ക്രിസ്തുമസ്‌ നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്.  നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.

ആംഗ്ലോഅമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.

ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്ന രീതി പുതിയതായി കണ്ടുവരുന്നു.

ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌.

ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

വിജയകുമാര്‍

കടപ്പാട് : വിക്കിപീഡിയ

Related Articles

Back to top button