LatestThiruvananthapuram

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘വാട്ടര്‍ ബ്രേക്ക്’ 

“Manju”

തിരുവനന്തപുരം: സംസ്ഥാനം കനത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായി ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ. കനത്ത ചൂടിനെ തുടർന്ന് കുട്ടികളില്‍ നിർജ്ജലീകരണവും ക്ഷീണവുമടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി വാട്ടർ ബ്രേക്ക് സംവിധാനം നടപ്പാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. വാട്ടർ ബ്രേക്കിന്റെ ഭാഗമായി കുട്ടികളെ വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കുന്നതിനായി എല്ലാ സ്കൂളുകളിലും രാവിലെ 10.30 നും ഉച്ചയ്ക്ക് 2.30 നും രണ്ട് തവണ ബെല്‍ അടിക്കും.

സംസ്ഥാനത്ത് താപനില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍, വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ വിദ്യാർത്ഥികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. രാജ്യത്ത് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചു.

ഉയർന്ന താപനില കാരണം സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ സ്കൂളുകളില്‍ 2019 ല്‍ പദ്ധതി ആദ്യമായി നടപ്പാക്കിയിരുന്നു. കേരളത്തെ മാതൃകയാക്കി കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് അത് നടപ്പാക്കി. ഇപ്പോള്‍, മെർക്കുറി അളവ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഞങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളില്‍ ഇത് നടപ്പിലാക്കുന്നു, ”മന്ത്രിയുടെ ഓാഫീസ് വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് താപനിലയില്‍ അഭൂതപൂർവമായ വർദ്ധനവിന് കാരണമാകുന്നത്, അതിനാല്‍ സ്കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂളുകളില്‍ വാട്ടർ ബെല്‍ സംവിധാനം ഏർപ്പെടുത്തുന്നത്. ഫെബ്രുവരി 20 മുതല്‍ സ്കൂളുകളില്‍ ഇത് നടപ്പാക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വാട്ടർ ബെല്‍ നടപ്പാക്കുന്നതിലൂട വിദ്യാർത്ഥികള്‍ക്ക് വെള്ളം കുടിക്കാൻ അഞ്ച് മിനിറ്റ് വീതം ഇടവേള ലഭിക്കും. കുട്ടികളിലെ നിർജ്ജലീകരണവും തുടർന്നുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കും. അതിനിടെ, ശനിയാഴ്ച കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ ഉയർന്ന താപനില സാധാരണയേക്കാള്‍ കൂടുതലാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) മുന്നറിയിപ്പ് നല്‍കി.

സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*നീണ്ട ചൂട് എക്സ്പോഷർ ഒഴിവാക്കുക.

*ആവശ്യത്തിന് വെള്ളം കുടിക്കുക ദാഹമില്ലെങ്കിലും നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം നിർബന്ധമാണ്.

*കഠിനമായ ജോലികള്‍ ദിവസത്തിലെ ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് മാറ്റിവെക്കുക.

*ഔട്ട്ഡോർ പ്രവർത്തനങ്ങള്‍ക്കുള്ള വിശ്രമ ഇടവേളകളുടെ ആവൃത്തിയും ദൈർഘ്യവും വർദ്ധിപ്പിക്കുക.

*ഗർഭിണികളായ തൊഴിലാളും ആരോഗ്യപ്രശ്നങ്ങളുള്ളവരും തൊഴിലിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

Related Articles

Back to top button