IndiaLatest

ബെംഗളൂരു ലഹരിവേട്ട ; സിനിമ മേഖലയിലെ വിലപിടിപ്പുള്ള നായികമാർ അഴിക്കുള്ളിലേക്ക്

“Manju”

ബെംഗളൂരു• ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി ബംഗളൂരുവിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുമായുള്ള അടുത്ത ബന്ധമാണ് രാഗിണി ദ്വിവേദിയെന്ന, കന്നഡ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികയ്ക്ക് ജയിലിലേക്കുള്ള വഴി തുറന്നത്.

രാത്രി വെളുക്കുവോളമുള്ള നിശാ പാർട്ടികളിൽ സജീവ സാന്നിധ്യമായിരുന്നു രാഗിണി. സുന്ദരികളും സമ്പന്നരുമായ കോളജ് കുമാരികൾക്കു പകരം കന്നഡ സിനിമയിലെ സൂപ്പർ താരങ്ങളെത്തന്നെ കാരിയർമാരാക്കാനുള്ള ബുദ്ധികേന്ദ്രത്തിനു പിന്നിൽ വിരേൻ ഖന്നയെ പോലെയുള്ള നിർമാതാക്കളായിരുന്നു. റിയൽ എസ്റ്റേറ്റ്, സിനിമ, ഐടി തുടങ്ങിയവ മേഖലകളുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു നഗരത്തിൽ ലഹരി ഒഴുകുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ തന്നെ ചൂണ്ടിക്കാണിക്കുന്നു.

ആദ്യ കാലങ്ങളിൽ കോളജ് വിദ്യാർഥികളായിരുന്നു ലഹരി ഉപഭോക്താക്കളെങ്കിൽ ഇന്ന് നില മാറി. രാഗിണിയെ പോലെയുള്ള ഒരു സൂപ്പർ താരത്തിന്റെ കാറിലോ ഫ്ലാറ്റിലോ പെട്ടെന്നൊരു റെയ്ഡോ അന്വേഷണമോ ഉണ്ടാകില്ലെന്ന വിശ്വാസമാണ് ലഹരിമരുന്നു കൈമാറ്റത്തിനായി സിനിമാതാരങ്ങളെത്തന്നെ ഉപയോഗപ്പെടുത്താൻ ലഹരിമരുന്നു മാഫിയകളെ പ്രേരിപ്പിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

ചൊവ്വാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രശസ്ത താരം സഞ്ജന ഗൽറാണി വിരേൻ ഖന്ന നടത്തുന്ന നിശാപാർട്ടികളിലെ മിന്നും താരമായിരുന്നു. രാഗിണിയെ പോലെ സഞ്ജനയെയും ലഹരി മാഫിയ കാരിയറായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സെൻട്രൽ ക്രൈംബാഞ്ച് പരിശോധിക്കുകയാണ്.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ലഹരിമരുന്ന് വിതരണ കേന്ദ്രമായി ബെംഗളൂരു മാറിക്കഴിഞ്ഞു, ഇതു തന്നെയാണ് ബെംഗളൂരു നഗരത്തിൽ സുലഭമായി ലഹരിമരുന്നുകൾ ലഭ്യമാകാനുള്ള കാരണവും– ബെംഗളൂരു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബെംഗളുരു നഗരത്തിൽ കുറച്ചുകാലം മുൻപ് വരെ യഥേഷ്ടം ലഭ്യമായിരുന്ന ലഹരിയായിരുന്നു കഞ്ചാവ്. ഇന്ന് കഞ്ചാവിന്റെ സ്ഥാനം കൊക്കെയ്ൻ അടക്കമുള്ള മറ്റു ലഹരി വസ്തുക്കൾ കയ്യടക്കിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ണാടകയിലെ കൊക്കെയിന്റെ ഉപയോഗം ഇരട്ടിയായി വർധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 6000 രൂപ മുതൽ 12000 രൂപ വരെയാണ് വില ഈടാക്കുന്നത്. ഉയർന്ന വിലയുള്ളതിനാൽ സമ്പന്നരുടെ നിശാപാർട്ടികളിലാണ് കൊക്കെയ്ൻ ഉപയോഗം അധികവും. കുടക്, ചിക്കമംഗലൂരു അടക്കമുള്ള പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും നിരവധിയായി ലഹരി പാർട്ടികൾ സംഘടിപ്പിക്കപ്പെടാറുണ്ടെന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്. പല സൂപ്പർ താരങ്ങളും ഇത്തരം ലഹരി പാർട്ടികളിലെ നിത്യസാന്നിധ്യവുമാണ്.


2015-16 വര്‍ഷത്തില്‍ ഹെറോയിൻ, കറുപ്പ്, കഞ്ച് ഹാഷിഷ്, മോർഫിൻ, എഫെഡ്രിൻ, പോപ്പി ഹസ്ക് എന്നിവയുൾപ്പെടെ 500 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തതെങ്കിൽ ഇപ്പോൾ അത് 1,500 മുതല്‍ 2,000 വരെ കിലോയാണ്. ലഹരിമരുന്നു കേസുകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്. 2019 ൽ 286 കേസായിരുന്നു. ഇന്ന് അത് 786 ആണ്.

മുംബൈ, ചെന്നൈ, ഗോവ തുടങ്ങിയ നഗരങ്ങളിൽനിന്ന് വിദേശികളാണ് കൊക്കെയ്ൻ എത്തിക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ എന്നതുകൊണ്ടു തന്നെയാണ് സിനിമാതാരങ്ങൾ കാരിയർമാരായി എത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button