KeralaLatestThrissur

കാട്ടാനകളേ കേൾക്കൂ… ഇനി നിങ്ങൾ ഭക്ഷണം തേടി കാടിറങ്ങേണ്ട!

“Manju”

തൃശൂർ• കാട്ടാനകളേ കേൾക്കൂ…! നാട്ടിലെ എത്രയോ കൃഷിയിടങ്ങളാണ് നിങ്ങൾ നശിപ്പിക്കുന്നത്. എത്രയോ കർഷകരുടെ കണ്ണീരാണ് വീഴുന്നത്..ശരിയാ..അറിയാം, നിങ്ങൾ ആഹാരം തേടിയിറങ്ങുന്നതാണെന്ന്. ഇനി നിങ്ങൾ ഭക്ഷണം തേടി കാടിറങ്ങേണ്ട. നിങ്ങൾക്കുള്ള ഭക്ഷണം കാടിന്റെ അതിർത്തിയിൽ ഞങ്ങൾ ഒരുക്കിത്തരാം…. അതിനുള്ള ശ്രമം നടക്കുകയാണ്. ഇഷ്ടവിഭവമായ വാഴയും പനയും വേണ്ടുവോളം ഒരുക്കാം.

• സിംഹത്തിനെ മടയിൽച്ചെന്ന് എതിരിടണമെന്നാണു പറയുക. ഇവിടെ കാട്ടാനയുടെ സങ്കേതങ്ങളിലേക്കാണ് പോക്ക്. ആക്രമിക്കാനല്ല, വല്ലതും തിന്നാൻ കൊടുക്കാൻ. അതുവഴി നാട്ടിലെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന് അറുതി വരുത്താൻ. നാ‍ഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജെനിറ്റിക് റിസോഴ്സസാണ് (എൻബിപിജിആർ) കാടതിരുകളിൽ ആനയ്ക്കു ഭക്ഷണം ഒരുക്കുന്നതിനുള്ള ശ്രമത്തെക്കുറിച്ചു ചിന്തിക്കുന്നത്.

പ്രത്യേകതരം വാഴയും പനയും വച്ചുപിടിക്കുകയാണ് ലക്ഷ്യം. ആഹാരം കിട്ടുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കില്ലെന്നു കരുതുന്നു. സാധാരണ വാഴയും പനയുമല്ല. ബർമീസ് ചൂണ്ടപ്പനയും ആൻഡമാനിൽ നിന്നുള്ള കാട്ടുവാഴയും. രണ്ടിന്റെയും പരമാവധി ഉയരം 12 അടി. ആനയ്ക്ക് സ്വയം ഒടിച്ചുതിന്നാൻ പറ്റും പനമ്പട്ട. പഴം അടക്കം വാഴയു‌ടെ പിണ്ടിയും ഇലയും അകത്താക്കാം. ഈ വാഴയുടെ പഴം മൃഗങ്ങൾക്കു മാത്രമേ ഭക്ഷിക്കാൻ കൊള്ളൂ.

പഴത്തിൽ നിറയെ അരിയാണ് (കല്ലുരൂപത്തിലുള്ള കുരു). ഈ അരിതന്നെയാണ് വാഴയുടെ വിത്തും. ഈ വിത്തുവിതച്ച് വാഴ വളർത്താം. സാധാരണ വാഴകൾ നടുന്നതുപോലെ അകലം പാലിച്ച് കുഴി ഒരുക്കുകയൊന്നും വേണ്ട.ആനകൾ ഇറങ്ങുന്ന പ്രദേശത്തിന്റെ അതിരിൽ ഡ്രോണോ ഹെലികോപ്റ്ററോ ഉപയോഗിച്ച് വിത്തു വിതറുക. 6 മാസത്തിനുള്ളിൽ ഇവ വളർന്നു വലുതാകും. ഒരു വർഷത്തിനുള്ളിൽ കുല വരും. ഏതു പരുവത്തിലും ആനയ്ക്ക് കഴിക്കാം. ഒരു വാഴയിൽ നിന്ന് 7000 വിത്തുവരെ ലഭിക്കും. ഒരു വർഷം കൊണ്ട് ഒരു ലക്ഷം വിത്തുവരെ ഒരുക്കാൻ സാധിക്കുമെന്ന് സ്ഥാപന അധികൃതർ പറയുന്നു.

കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള എൻബിപിജിആർ വെള്ളാനിക്കര പ്രാദേശിക കേന്ദ്രത്തിലെ സസ്യ ശാസ്ത്രജ്ഞരായ ഡോ. ജോസഫ് ജോൺ, ഡോ. കെ. പ്രദീപ് എന്നിവർ ചേർന്ന് ആൻഡമാനിൽ നിന്നാണ് വാഴയും പനയും ഇവിടെയെത്തിച്ചത്. പനയുടെയും വിത്ത് വിതറുകയാണ് ചെയ്യുക. എന്നാൽ മഴക്കാലത്ത് വിതറണമെന്നുമാത്രം. രണ്ടും സ്ഥാപനത്തിന്റെ തോട്ടത്തിൽ വളർത്തുന്നുണ്ട്.. ലക്ഷ്യം പ്രായോഗികതലത്തിൽ എത്തിക്കാൻ സാമൂഹിക വനവൽക്കരണ വിഭാഗവുമായുള്ള ചർച്ച പുരോഗമിക്കുന്നു.

Related Articles

Back to top button