KeralaLatest

ഉമ്മന്‍ചാണ്ടിക്ക് കെ.പി.സി.സിയുടെ ആദരം

“Manju”

എസ് സേതുനാഥ്

നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്ക് ആദരസൂചകമായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുന്‍ പ്രസിന്റുമാര്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,വൈസ് പ്രസിഡന്റുമാര്‍,ജനറല്‍ സെക്രട്ടറിമാര്‍,ഡി.സി.സി പ്രസിഡന്റുമാര്‍,എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പിറ്റി ചാക്കോ തയാറാക്കിയ നന്മയുടെ കാന്തി, വീക്ഷണം തയാറാക്കിയ അതുല്യം അഭിമാനം, കാവാലം ശ്രീകുമാര്‍ പാടിയ ഗാനം എന്നിവയും റിലീസ് ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ കെ.പി.സി.സി സെക്രട്ടറിമാര്‍ ഉള്‍പ്പെടയുള്ള കൂടുതല്‍ നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ ആഘോഷപരിപാടികള്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജി നാടകീയമല്ല: എകെ ആന്റണി

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനേ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തു നല്കുകയും ഫാക്‌സ് അയയ്ക്കുകയും ചെയ്തിരുന്നു. അത് വൈകിയാണ് അംഗീകരിച്ചത്. 2004 ഓഗസ്റ്റ് 28നാണ് രാജിവച്ചത്. ഉമ്മന്‍ ചാണ്ടിക്കുപോലും എന്റെ രാജി നാടകീയമായിരുന്നു. എന്നാല്‍ അതു നാടകീയമല്ല.

രാജിവയ്ക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് 2004 ജൂലൈ13 ന് കത്തും ഫാക്‌സും അയച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്കാണ് അയച്ചത്. ജൂലൈ രണ്ടാംവാരം ഡല്‍ഹി സന്ദര്‍ശനസമയത്ത് സോണിയാഗന്ധിയെ കണ്ടപ്പോള്‍ രാജിവയ്ക്കാന്‍ അനുമതി കിട്ടി.

ആര് അടുത്തതെന്ന് എന്നോട് സോണിയ ഗാന്ധി ചോദിച്ചു. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടി തന്നെ. എന്നു രാജിവയ്ക്കണം എന്നതിനെക്കുറിച്ചുപോലും അന്നു ധാരണയായി, ഒന്നരമാസം കഴിഞ്ഞ് രാജിവയ്ക്കാന്‍് സമ്മതംകിട്ടി. പിന്‍ഗാമി ഉമ്മന്‍ ചാണ്ടിയെന്ന് ആരോടും പറഞ്ഞില്ല. രാജിക്കാര്യം പുറത്തുപോയാല്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യം ചെയ്തുതീര്‍ക്കാന്‍ കഴിയില്ല. 2002ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ത്തലാക്കിയ ആനൂകുല്യങ്ങള്‍ പുനസ്ഥാപിക്കാനും മറ്റു ചില കാര്യങ്ങള്‍ ചെയ്യാനുമുണ്ടായിരുന്നു.

സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശം കഴിഞ്ഞ് രാജി എന്നായിരുന്നു തീരുമാനം. 2004 ഓഗസ്റ്റ് 28 സോണിയാഗാന്ധി എസ്എന്‍ഡിപി പരിപാടിക്കുവേണ്ടി കൊല്ലത്തുവന്നു. സോണിയഗാന്ധിപോയിക്കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് രാജിപ്രഖ്യാപിച്ചു. അതുവരെയും ആരും അറിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഏറ്റവും വിശ്വസ്തനായ ഉമ്മന്‍ ചാണ്ടിക്കോ അറിയില്ലായിരുന്നു.

രാജിവച്ച് പിറ്റേ ദിവസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്ന അന്ന് രാവിലെ ഉമ്മന്‍ ചാണ്ടി കോട്ടയത്തുനിന്ന് തിരിച്ചുവരുമ്പോള്‍ ഞാന്‍ ഫോണില്‍ ഉമ്മന്‍ ചാണ്ടിയോട് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നു പറഞ്ഞു. മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും ഇതുതന്നെ പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ താന്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി തന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായത്.

ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ നിര്‍ത്തിയതിനാണ് 2002ല്‍ 33 ദിവസം നീണ്ട എന്‍ജിഒ സമരം ഉണ്ടായത്. അന്നു സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തനിക്ക് ഡല്‍ഹിക്കു പോകാനുള്ള വിമാനടിക്കറ്റുപോലും ട്രാവല്‍ ഏജന്‍സിക്ക് കുടിശിക വന്നതുകൊണ്ട് നിരസിച്ചു. പിന്നീട് ധനമന്ത്രി കെ. ശങ്കരനാരായണന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ധനസ്ഥിതി മെച്ചപ്പെടുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ വാക്കുപാലിച്ച് അവരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുകയും നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഡിഎ കുടിശികപോലും നല്കുകയും ചെയ്തു. എന്നിട്ടായിരുന്നു രാജിയെന്നും ആന്റണി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഭരണമാറ്റത്തിനുള്ള ഊര്‍ജമാകുമെന്നും കേരളത്തിലെ ഇപ്പോഴത്തെ ഭരണം മലയാളികള്‍ക്ക് അപമാനമാണെന്നും ആന്റണി പറഞ്ഞു.

എഐസിസസി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ പോയപ്പോള്‍ 44 വയസായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെടുകയും കല്യാണം കഴിക്കുന്ന കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. വധുവിനെ കണ്ടെത്താനും ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു. കാനറാബാങ്കില്‍ ഉദ്യോഗസ്ഥയായ ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ തന്റെ സഹപ്രവര്‍ത്തകയായ എലിസബത്തിനെ കണ്ടെത്തി. താലികെട്ടുന്നതിനു പകരം രജിസ്റ്റര്‍ ചെയ്യണമെന്ന് താന്‍ വ്യവസ്ഥ വച്ചു. ഉമ്മന്‍ ചാണ്ടി അതിനും പരിഹാരം കണ്ടെത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വച്ച് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം നടന്നു. താലിച്ചരട് കെട്ടാന്‍ രണ്ടുതവണ നോക്കിയിട്ടും നടന്നില്ല. തുടര്‍ന്ന് താനും സഹോദരിയും കൂടിയാണ് എലിസബത്തിനെ കെട്ടിയത്.
സ്വകാര്യജീവിതത്തിലും വ്യക്തിജീവിതത്തിലും പൊതുരംഗത്തും ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം എല്ലാ ജനപ്രതിനിധികളും ജനപ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്നവരും മാതൃകയാക്കണമെന്നും ആന്റണി പറഞ്ഞു.

ഐക്യവും കെട്ടുറുപ്പും കാത്തുസൂക്ഷിച്ചാല്‍ വിജയം ഉറപ്പ്:മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസിലും യുഡിഎഫിലുമുള്ള ഇപ്പോഴത്തെ ഐക്യവും കെട്ടുറുപ്പും കാത്തുസൂക്ഷിച്ചാല്‍ അടുത്ത തെരഞ്ഞെടിപ്പില്‍ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരളാ രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മന്‍ ചാണ്ടി.കഴിഞ്ഞ അമ്പത് വര്‍ഷക്കാലം കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആള്‍ക്കൂട്ടവും ആരവവും ഇഷ്ടപ്പെട്ട നേതാവാണ് ഉമ്മന്‍ ചാണ്ടി. ജനങ്ങളില്‍ നിന്നും പ്രചോദനം നേടി പ്രവര്‍ത്തിക്കുന്ന കേരളം കണ്ട ജനപ്രിയ നേതാവാണ് അദ്ദേഹം. പുതുതലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും യുവ എം.എല്‍.എമാരും അദ്ദേഹത്തില്‍നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ക്ഷുഭിതയൗവനത്തിന്റെ പ്രതിനിധിയായിട്ടാണ് ഉമ്മന്‍ ചാണ്ടി 1970 കളില്‍ പൊതുരംഗത്തെത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹം സൗമ്യനും അക്ഷോഭ്യനുമായി മാറി. ആള്‍ക്കൂട്ടത്തിന്റെ ആരവമാണ് ഉമ്മന്‍ ചാണ്ടിയുടെ ഊര്‍ജം. കടുത്ത യാതനകളും വേദനകളും സഹിച്ചാണ് തങ്ങളുടെ തലമുറ പൊതുപ്രവര്‍ത്തനം നടത്തിയത്. ഉണ്ണാനും ഉറങ്ങാനുമുള്ള സൗകര്യം ഇല്ലായിരുന്നു. യാത്ര ചെയ്യാന്‍ കൈയ്യില്‍ പണമില്ല. എന്നാല്‍ ആരുടെ മുന്നിലും കൈനീട്ടിയില്ല. ആദര്‍ശാധിഷ്ഠിത പൊതുപ്രവര്‍ത്തനമാണ് അന്നു കാഴ്ചവച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയസമസ്യയ്ക്കും പരിഹാസം കണ്ടെത്തുന്ന നേതാവ്: രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം കരുണയുടെയും സ്‌നേഹത്തിന്റെയും ആകെ തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടന്നുപോയ വഴികളില്‍ കോണ്‍ഗ്രസിന് കരുത്തു നല്‍കിയ നേതാവാണ് അദ്ദേഹം. അധികാരം വിനയത്തിന്റെയും ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയുമാണെന്ന് തെളിയിച്ച നേതാവാണ് അദ്ദേഹം. ജനങ്ങളില്‍നിന്നും അകന്ന് നില്‍ക്കാതെ ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഏത് രാഷ്ട്രീയസമസ്യയ്ക്കും പരിഹാസം കണ്ടെത്തുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. ഒരു പാഠപുസ്തകം പോലെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഏറെ കാര്യങ്ങളുണ്ട്. കാരുണ്യം എന്ന വാക്കിന് ഉമ്മന്‍ ചാണ്ടി എന്നാണ് പര്യായം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായാല്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണെന്ന് കെ.സുധാകരനും വിഡി സതീശനും പറഞ്ഞത് അച്ചട്ടായി. ഒരു പാവപ്പെട്ടവന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്തിയാല്‍ അവനെ ഏറ്റവും കൂടുതല്‍ എങ്ങനെ സഹായിക്കാം എന്നതിലാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു.

അത്ഭുത പ്രതിഭാസം ഉമ്മന്‍ ചാണ്ടി:കെ.സി.വേണുഗോപാല്‍

രാഷ്ട്രീയ കേരളത്തിലെ അത്ഭുത പ്രതിഭാസമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ദന്തഗോപുരത്തില്‍ അല്ല ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കേണ്ടവരാണെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേത്. അസാധ്യമായത് സാധ്യമാക്കാനുള്ള ധീരത ഉമ്മന്‍ ചാണ്ടിക്കുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉമ്മന്‍ ചാണ്ടിയൊരു പാഠപുസ്തകമാണെന്നും അദ്ദേഹത്തില്‍ നിന്നും നാട് ഇനിയുമൊരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഉയര്‍ച്ചയ്ക്ക് കാരണക്കാര്‍ പാര്‍ട്ടിയും ജനങ്ങളും:ഉമ്മന്‍ചാണ്ടി

പാര്‍ട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

വ്യക്തിപരമായ ബന്ധമാണ് തന്റെ രഹസ്യം. പണ്ടൊക്കെ ജനപ്രതിനിധികള്‍ ഒരു പരിപാടിക്ക് ചെന്നാല്‍, കഷ്ടപ്പെട്ടു വരണ്ടായിരുന്നു എന്നു പറയുമായിരുന്നു. എന്നാല്‍, ഇന്ന് അല്പം വൈകിച്ചെന്നാല്‍പോലും ആളുകള്‍ നീരസപ്പെടും. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണിത്.

പാര്‍ട്ടി ടിക്കറ്റ് തരുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തതുകൊണ്ടുമാത്രമാണ് നേട്ടങ്ങള്‍ ഉണ്ടായത്. തനിക്കു ലഭിച്ച എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും നല്കുന്നു.

നിലത്തുവീണുകിടക്കുന്നവരെപ്പോലും തല്ലിച്ചതയ്ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സമരം അക്രമാസക്തമാകുമ്പോള്‍, അതിനെ നേരിടണം. പക്ഷേ, ഇതുപോലെ തല്ലിച്ചതയ്ക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ല. വിടി ബല്‍റാം എംഎല്‍എയെയും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരെയും പോലീസ് മൃഗീയമായായി മര്‍ദിച്ചു. അക്രമരാഷ്ട്രീയമാണ് ഇന്നു കേരളത്തില്‍ നടമാടുന്നത്.

വി.എം.സുധീരന്‍

ഏത് ആള്‍ക്കൂട്ടമായാലും പറയുന്നത് ക്ഷമാപൂര്‍വം കേള്‍ക്കുകയും കേള്‍ക്കുന്നതിന് ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വിജയമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പ്രതികൂല സാഹചര്യത്തില്‍പോലും നിശ്ചയിച്ച പരിപാടി നടത്താനുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവ് പ്രസംശനീയമാണെന്നും ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വാസം ജനങ്ങളാണെന്നും വി.എം.സുധീരന്‍ പറഞ്ഞു.

എം.എം.ഹസന്‍

ജനാധിപത്യ കേരളത്തിന് കിട്ടിയ വരദാനമാണ് ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ജന്മഗുണങ്ങള്‍കൊണ്ട് ജയിക്കാനായി ജനിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനം ഒരു സര്‍ക്കാരിന് എങ്ങനെ നടത്താന്‍ കഴിയുമെന്ന് പഠിപ്പിച്ച ഭരണാധികാരിയാണ് അദ്ദേഹമെന്നും എം.എം.ഹസന്‍ പറഞ്ഞു.

കെ.സുധാകരന്‍ എം.പി

സാധാരണക്കാര്‍ക്കുവേണ്ടി ഭരണതീരുമാനങ്ങള്‍ എടുത്ത ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ജനമനസ് തൊട്ടറിഞ്ഞ യഥാര്‍ത്ഥ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ കരുണയും പ്രതിബദ്ധയും കേരളത്തിലെ ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button