KeralaLatestThiruvananthapuram

കിളിമാനൂർ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു

“Manju”

കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷന്റെ ഭാഗമായി നടപ്പാക്കിയ വികസന പദ്ധതികൾ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു.ആർദ്രം മിഷന്റെ ഭാഗമായി സർക്കാർ ആശുപത്രികളുടെ ഒ.പി. വിഭാഗം രോഗീസൗഹൃദവും ആധുനിക സൗകര്യങ്ങളുള്ളതുമാക്കി മാറ്റുന്നതിനാണു സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനും തുല്യപ്രാധാന്യമാണു നൽകുന്നത്. ഇതിലൂടെ കോവിഡ്-19 ഒരു പരിധിവരെ പിടിച്ചുനിർത്താനായെന്നും വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒ.പി. ബ്ലോക്ക്, വനിതാ ഹെൽത്ത് ക്ലബ്, വാട്ടർ എടിഎം, ഭൂഗർഭ ജലസംഭരണിയായ സംപ് എന്നിവയാണു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനിതാ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ദേവസ്വം -സഹകരണം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ നാലു വർഷം ആരോഗ്യ രംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റമാണു കോവിഡ് പ്രതിരോധത്തിനു സഹായകമായതെന്നു മന്ത്രി പറഞ്ഞു. വാട്ടർ എടിഎം, സംപ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 1.46 കോടി രൂപയിലധികം രൂപ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ബി. സത്യൻ എംഎൽഎ അധ്യക്ഷനായിരുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. ബേബി സുധ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശാലിനി, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button